നവകേരള സദസ്സുമായി ബന്ധപ്പെട്ട എല്ലാ അക്രമങ്ങളുടെയും ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ആണെന്ന് ; വി ഡി സതീശന്‍

തിരുവനന്തപുരം: നവകേരള സദസ്സുമായി ബന്ധപ്പെട്ട എല്ലാ അക്രമങ്ങളുടെയും മുഴുവന്‍ ഉത്തരവാദിത്തവും മുഖ്യമന്ത്രിക്ക് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒന്നാം പ്രതി ആകേണ്ടത് മുഖ്യമന്ത്രിയാണെന്നും കലാപത്തിന് ആഹ്വാനം ചെയ്തത് മുഖ്യമന്ത്രിയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു. ഭിന്നശേഷിക്കാരന്‍ അജിമോനെ പോലും അക്രമിച്ചു. സഹികെട്ടപ്പോഴാണ് തിരിച്ച് അടിക്കുമെന്ന് പറഞ്ഞത്. കോഴിക്കോട് കെ എസ് യു ജില്ലാ പ്രസിഡന്റിനെ ഇന്ന് പൊലീസ് മര്‍ദ്ദിച്ചു. കല്യാശ്ശേരി മുതല്‍ കൊല്ലം വരെ ആക്രമണം നടത്തിയവര്‍ക്കെതിരെ കേസ് എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യൂണിവേഴ്‌സിറ്റി സെനറ്റ് നിയമനത്തില്‍ സര്‍ക്കാരിനും ഗവര്‍ണര്‍ക്കും തെറ്റ് പറ്റിയിട്ടുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. സുരേന്ദ്രന്‍ നല്ലത് പറഞ്ഞാല്‍ മാത്രം ഭയപ്പെട്ടാല്‍ മതി. ബിജെപിയും മുഖ്യമന്ത്രിയും തമ്മില്‍ ധാരണയുണ്ടെന്നും അല്ലെങ്കില്‍ സുരേന്ദ്രന്‍ ജയിലില്‍ കിടക്കേണ്ട ആള്‍ ആണെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേസ് എടുത്ത് പേടിപ്പിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. തന്റെ കുട്ടികള്‍ക്കെതിരെ കേസെടുത്താല്‍ താന്‍ മുന്നിലുണ്ടാകും. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് നാടകമാണ്. മുഖ്യമന്ത്രിയിരിക്കുന്ന കസേരയോട് ബഹുമാനമുണ്ട് എന്നും വി ഡി സതീശന്‍ പറഞ്ഞു. മാസപ്പടി വിവാദത്തിന് ശേഷം റിയാസിന്റെ നാവ് ഉപ്പിലിട്ടു വെച്ചതായിരുന്നു. ശരിയായതില്‍ സന്തോഷമുണ്ടെന്നും മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആള്‍ ആണ് റിയാസ് എന്നും വി ഡി സതീശന്‍ പരിഹസിച്ചു.

Top