അന്ന് . . . പട്ടാള ഭീഷണി വി.എസിന്റെ ബന്ധുക്കള്‍ക്ക് നേരെയും ഉണ്ടായെന്ന്

കേരള രാഷ്ട്രീയത്തില്‍ വി.എസ് എന്ന കമ്മ്യൂണിസ്റ്റിന്റെ സ്ഥാനം ആര്‍ക്കും തന്നെ നിഷേധിക്കാന്‍ പറ്റാത്തതാണ്. 2020 ഒക്ടോബര്‍ 20 ന് തൊണ്ണൂറ്റിഎട്ടാം വയസ്സിലേക്ക് വി.എസ് അച്ചുതാനന്ദന്‍ കടക്കും.

ഈ പ്രായത്തിലും സജീവമായി നില്‍ക്കുന്ന ലോകത്തെ ഏക രാഷ്ട്രീയ നേതാവ് കൂടിയാണ് വി.എസ്.

ഏറ്റവും ഒടുവില്‍ വി.എസ് പ്രതികരിച്ചത് ജൂണ്‍ 2നാണ്. വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു പ്രതികരണം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ള മറുപടി കൂടിയായിരുന്നു അത്.

വി.എസ് അങ്ങെനെയാണ്, പ്രായത്തിന്റെ പരിമിതിയും ആരോഗ്യപരമായ വെല്ലുവിളികളുമെന്നും, ഒരു കാലത്തും അദ്ദേഹം വകവച്ചിട്ടില്ല.

വി.എസിലെ ക്ഷുഭിത വിപ്ലവകാരിയെയാണ് രാഷ്ട്രീയ കേരളവും ഏറെ ഇഷ്ടപ്പെടുന്നത്.

ഇപ്പോഴിതാ അധികമാരും അറിയാത്ത ഒരു സംഭവം കൂടി പുറത്തായിരിക്കുകയാണ്.

പുന്നപ്ര വയലാര്‍ സമരകാലത്ത് വി.എസിന്റെ കുടുംബത്തിനെതിരെ നടന്ന പട്ടാള വേട്ടയെ കുറിച്ചാണത്.

വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതാകട്ടെ, വി.എസിന്റെ സഹോദരപുത്രന്‍ പീതാംബരനാണ്.

വി.എസ് ജനിച്ചു വളര്‍ന്ന വെന്തലത്തറയിലെ വീട് പട്ടാളം മുദ്ര വയ്ക്കുക മാത്രമല്ല, ജേഷ്ഠന്റെ ഭാര്യയെ ഉപദ്രവിക്കാന്‍ പോലും ശ്രമിക്കുകയുണ്ടായി.

സമരത്തില്‍ പങ്കെടുത്ത് ഒളിവില്‍ പോയ വി.എസിനെ തിരക്കിയാണ് അന്ന് പട്ടാളമെത്തിയിരുന്നത്. അവര്‍ വീടിന് ചുറ്റും വളയുകയായിരുന്നു. ഗര്‍ഭിണിയായ സഹോദന്റെ ഭാര്യയുടെ ചുറ്റം നിന്നായിരുന്നു ചോദ്യം ചെയ്യല്‍.

പട്ടാളത്തിന്റെ ആവശ്യം ഒന്നു മാത്രമായിരുന്നു, അത്, വി.എസ് എന്ന കമ്യൂണിസ്റ്റ് എവിടെയാണെന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു.

ഈ ചോദ്യത്തിനുള്ള മറുപടി വി.എസിന്റെ സഹോദരന്റെ ഭാര്യയ്ക്കറിയില്ലായിരുന്നു. തുടര്‍ന്ന് പട്ടാളം വീട് മുദ്രവച്ച് അവരോട് ഇറങ്ങി പോകാനും ആവശ്യപ്പെടുകയുണ്ടായി.

പിന്നീട്,ഇത് വി.എസിന്റെ സഹോദരന്റെ വീടാണെന്നും വി.എസ് വരാറില്ലന്നും ബോധ്യപ്പെട്ട ശേഷം മാത്രമാണ് വീട് തുറന്ന് കൊടുത്തിരുന്നത്. പുന്നപ്ര വയലാര്‍ സമരകാലത്ത് വി.എസ് മാത്രമല്ല, വി.എസിന്റെ കുടുംബവും അനഭവിച്ച കഷ്ടപ്പാടുകളും വേട്ടയാടലുകളുമാണ്, സഹോദരപുത്രന്‍ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ മണ്ണില്‍ വി.എസ് ഉള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റുകള്‍ അനുഭവിച്ച പീഢനങ്ങള്‍ ഞെട്ടിക്കുന്നതാണ്. കമ്മ്യൂണിസ്റ്റ് ചരിത്രം തന്നെ ചോരയില്‍ എഴുതിയതാണെന്നത് വെറുമൊരു വാദമല്ല, അതുതന്നെയാണ് യഥാര്‍ത്ഥ ചരിത്രം.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വീരവാദം മുഴക്കുന്നവര്‍ക്ക്, സ്വപ്നത്തില്‍ പോലും ഈ ത്യാഗങ്ങള്‍ സങ്കല്‍പ്പിക്കാന്‍ കഴിയുകയില്ല.

ഇത്തരം സാഹസികതയും പോരാട്ടങ്ങളും സിനിമയില്‍ മാത്രമേ ന്യൂജനറേഷന് കാണാന്‍ കഴിയുകയൊള്ളൂ.

കമ്യൂണിസ്റ്റുകളുടെ ത്യാഗം എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്നത് അത് അസാധാരണമായത് കൊണ്ടു കൂടിയാണ്.

നെഞ്ചിനു നേരെ വന്ന വെടിയുണ്ടകളെ വിരിമാറോടെ ചെറുത്തതിന് തെളിവുകള്‍, കമ്യൂണിസ്റ്റുകളുടെ നെഞ്ചില്‍ തറച്ച വെടിയുണ്ടകള്‍ തന്നെയാണ്.

നിരവധി കമ്യൂണിസ്റ്റുകളാണ് നാടിനു വേണ്ടി ചോര ചിന്തിയിരിക്കുന്നത്. ആ ഐതിഹാസിക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനാണ് വി.എസ്. പുതിയ കാലത്തെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഈ നേതാവില്‍ നിന്നും ഏറെ പഠിക്കേണ്ടതുണ്ട്. എയര്‍ കണ്ടീഷന്‍ റൂമിലെയും സോഷ്യല്‍ മീഡിയയിലെയും രാഷ്ട്രീയമല്ല പഴയ രാഷ്ട്രീയം. ഇന്നിന്റെ രാഷ്ട്രിയം ഈ രൂപത്തില്‍ നിങ്ങള്‍ക്ക് ‘പയറ്റാന്‍’ കഴിയുന്നത്, പഴയ തലമുറ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ്.

‘ത്യാഗങ്ങളില്ലാത്ത രാഷ്ട്രിയ പ്രവര്‍ത്തനം’ എന്ന് പുതിയ കാലത്തെ രാഷ്ട്രീയത്തെ വിശേഷിപ്പിച്ചാലും, അത് ഒരിക്കലും അധികമാവുകയില്ല.

പ്രായം വകവയ്ക്കാതെ മല കയറി, വി.എസിന് കയ്യേറ്റം കണ്ടു പിടിക്കാന്‍ കഴിഞ്ഞത്, പഴയ വിപ്ലവവീര്യം അകത്തുള്ളത് കൊണ്ട് തന്നെയാണ്. ചെന്നിത്തലയുടെ ‘ സോഷ്യല്‍ മീഡിയ യാത്രയായിരുന്നില്ല ‘ അത്. മനുഷ്യരുടെ കണ്ണീരും ഭൂമാഫിയയുടെ കയ്യേറ്റങ്ങളും കണ്ട, യാത്രയായിരുന്നു ഇത്.

രമേശ് ചെന്നിത്തല ഇപ്പോള്‍ ഇരിക്കുന്ന കസേരയില്‍ വി.എസ് അന്ന് ഇരുന്നപ്പോള്‍ ഉള്ള അവസ്ഥയും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതാണ്.

വി.എസ് ഈ പ്രായത്തിലും രാഷ്ട്രീയ പ്രവര്‍ത്തനം ലൈവായി നടത്തുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

വി.എസിന്റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ച് കൂടുന്ന ജനക്കൂട്ടങ്ങളാണ് അദ്ദേഹത്തിന്റെ കരുത്ത്.

രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥരായാലും സാധാരണക്കാരനായാലും, വിശ്രമജീവിതം നയിക്കുന്ന പ്രായത്തിലാണ് വി.എസ് തിരഞ്ഞെടുപ്പു വേദികളില്‍ പോലും സിംഹഗര്‍ജ്ജനമായിരുന്നത്.

മതികെട്ടാനിലും പൂയംകുട്ടിയിലും മൂന്നാറിലുമെല്ലാം അനധികൃത കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ പ്രായം വകവയ്ക്കാതെ മല കയറിയും, മൂന്നാറില്‍ കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പൊമ്പിളൈ സമര പന്തലില്‍ നേരിട്ടെത്തി കുത്തിയിരുപ്പ് സമരം നടത്തിയുമൊക്കെ രാഷ്ട്രീയ കേരളത്തിന് വിസ്മയമായ നേതാവാണ് വി.എസ്.

കേഡര്‍ പാര്‍ട്ടിയായ സി.പി.എം നിരവധി തവണ ഈ മുതിര്‍ന്ന കമ്യൂണിസ്റ്റിനെതിരെ അച്ചടക്കനടപടി എടുത്തിട്ടുണ്ടെങ്കിലും, നടപടി ഉള്‍ക്കൊണ്ട് ചെങ്കൊടിക്ക് കീഴില്‍ നില്‍ക്കാന്‍ തന്നെയാണ് വി.എസ് എന്നും താല്‍പ്പര്യപ്പെട്ടിരുന്നത്.

രാഷ്ട്രീയപാര്‍ട്ടികള്‍ അച്ചടക്ക നടപടി സ്വീകരിക്കുമ്പോള്‍, പാര്‍ട്ടി വിട്ടു പോകുന്ന നേതാക്കളും പ്രവര്‍ത്തകരും ധാരാളമുള്ള കേരളത്തിലാണ്, വി.എസ് എന്ന കമ്യൂണിസ്റ്റും വ്യത്യസ്തനാകുന്നത്.

താന്‍ കൂടി ചേര്‍ന്ന് രൂപം കൊടുത്ത പാര്‍ട്ടിയില്ലാതെ, തനിക്ക് എന്തു ജീവിതമെന്നാണ്, അച്ചടക്ക നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് വി.എസ് മുന്‍പ് മറുപടി നല്‍കിയിരുന്നത്.

‘ഈ ജന്മം കമ്യൂണിസ്റ്റായി ജീവിച്ചു, ഇനി മരിക്കുന്നതും കമ്യൂണിസ്റ്റകാരനായി തന്നെയായിരിക്കും’ ഇതാണ് വി.എസിന്റെ എക്കാലത്തേയും ഉറച്ച നിലപാട്.

CPM party congress

CPM party congress

ആലപ്പുഴ നോര്‍ത്ത് പുന്നപ്ര വേലിക്കകത്ത് വീട്ടില്‍, ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളില്‍ നാലാമനായി 1923 ഒക്ടോബര്‍ 20നാണ് ഈ വിപ്ലവകാരിയുടെ ജനനം.

വിഎസിനു നാലരവയസുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നാലെ അച്ഛനും മരണപ്പെട്ടു. പറവൂര്‍, കളര്‍കോട്, പുന്നപ്ര സ്‌കൂളുകളില്‍ ഏഴാം ക്ലാസ് വരെയായിരുന്നു വിദ്യാഭ്യാസം. കുടുംബം പോറ്റാനായി സ്‌കൂള്‍ പഠനം ഉപേക്ഷിച്ചു ജ്യേഷ്ഠന്റെ തുണിക്കടയില്‍ സഹായിയായി കൂടി. കയര്‍ ഫാക്ടി തൊഴിലാളിയായി ജോലി ചെയ്യവെ, പി. കൃഷ്ണപിള്ളയാണ് കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നിയോഗിച്ചത്. അന്നു തുടങ്ങിയതാണു വിഎസിന്റെ പോരാട്ടങ്ങള്‍.

1952ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി. 1956 മുതല്‍ ജില്ലാ സെക്രട്ടറി. 1964ല്‍ പാര്‍ട്ടി പിളര്‍ന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗവുമായി. 1967 ജൂലൈ 18നായിരുന്നു വിവാഹം. ചേര്‍ത്തല കുത്തിയതോടു സ്വദേശി വസുമതിയമ്മയായിരുന്നു വധു. പാര്‍ട്ടി നേതാവ് എന്‍. സുഗതന്റെ നിര്‍ബന്ധപ്രകാരം 43ാം വയസിലായിരുന്നു വിവാഹം നടന്നിരുന്നത്.

അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷനല്‍ കൗണ്‍സിലില്‍നിന്നു 1964ല്‍ ഇറങ്ങിവന്ന 32 പേരില്‍, ഇന്ന് ജീവിച്ചിരിക്കുന്നത് വിഎസ് മാത്രമാണ്. എട്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം മല്‍സരിക്കുകയുണ്ടായി. ഇതില്‍ അഞ്ചു പ്രാവശ്യവും വിജയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയായും ഇടതുമുന്നണി കണ്‍വീനറായും ചെമ്പടയെ നയിച്ച വിഎസ്, എക്കാലത്തും കര്‍ക്കശക്കാരനായിരുന്നു.

പ്രതിപക്ഷനേതാവായപ്പോഴും, പിന്നീട് മുഖ്യമന്ത്രിയായപ്പോഴും, ഈ കര്‍ക്കശനിലപാടില്‍ നിന്നും അദ്ദേഹം പിന്നോട്ട് പോയിരുന്നില്ല. ഇതാണ് എതിരാളികളെ പോലും ഭയപ്പെടുത്തിയിരുന്നത്.

Express View

Top