ആ കഥാപാത്രം എന്റെ കരിയറിലെ മോശം തീരുമാനം: നയന്‍താര

ലായാള സിനിമയിലൂടെ അഭിനയ രംഗത്തേയ്ക്ക് വന്ന് തെന്നിന്ത്യയിലെ ലേഡിസൂപ്പര്‍ സ്റ്റാറായ താരമാണ് നയന്‍താര. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ താരമൂല്യം നേടിയ നടിമാരിലൊരാളാണ് നയന്‍സ്. ഈവര്‍ഷം നയന്‍സിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍ ഏറെയാണ്. എന്നാല്‍ തന്റെ കരിയറിലെ ചില കഥാപാത്രങ്ങളിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ വേഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

സൂര്യയും അസിനും നായികാനായകന്മാരായി എത്തി തമിഴ് സിനിമയില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമാണ് ഗജനി. ഗജനിയിലെ തന്റെ കഥാപാത്രമാണ് കരിയറിലെ ഏറ്റവും മോശമായ തീരുമാനം എന്നാണ് നയന്‍സ് പറഞ്ഞ്.

‘സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറഞ്ഞപ്പോള്‍ ഉള്ളതുപോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു. കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ രണ്ടു വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു’ എന്ന് നയന്‍താര പറഞ്ഞു.

കൊലയുതിര്‍ കാലം, സൈ റാ നരസിംഹ റെഡ്ഡി, ലൗ ആക്ഷന്‍ ഡ്രാമ, ദളപതി 63, ദര്‍ബാര്‍,മിസ്റ്റര്‍ ലോക്കല്‍, തുടങ്ങി നിരവധി ചിത്രങ്ങളാണ് നയന്‍താരയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

Top