പത്രിക പിന്‍വലിക്കില്ലെന്ന് തരൂര്‍

ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി സമർപ്പിച്ച നാമ നിർദ്ദേശ പത്രിക പിൻവലിക്കില്ലെന്ന് ശശി തരൂർ എം.പി. ഈ റേസ് അവസാനിക്കും വരെ ഉണ്ടാകുമെന്ന് ശശി തരൂർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് തരൂർ ഇക്കാര്യം പറഞ്ഞത്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ശശി തരൂർ പിൻവാങ്ങുമെന്ന റിപ്പോർട്ടുകളെ തള്ളിക്കൊണ്ടായിരുന്നു ശശി തരൂർ പ്രതികരിച്ചത്.

“കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കായി മത്സരിക്കാൻ സമർപ്പിച്ച പത്രിക ഞാൻ പിൻവലിക്കും എന്ന് ഡൽഹിയിലെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഒരുകാര്യം വ്യക്തമാക്കുന്നു, ഒരു ചാലഞ്ചിൽ നിന്നും ഞാൻ പിന്മാറില്ല, ജീവിതത്തിൽ ഒരിക്കലും ഞാൻ അങ്ങനെ ചെയ്യില്ല. ഇത് പാർട്ടിക്ക് അകത്തുള്ള സൗഹൃദ മത്സരമാണ്. അവസാനം വരെ ഉണ്ടാകും” തരൂർ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. 17-ാം തീയതി തനിക്ക് വേണ്ടി വോട്ട് ചെയ്യാൻ വരണമെന്നും അദ്ദേഹം പറഞ്ഞു. #ThinkTomorrowThinkTharoor എന്ന ഹാഷ്ടാഗോടു കൂടിയാണ് തരൂർ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

കാൽനൂറ്റാണ്ടിനുശേഷമാണ് കോൺഗ്രസിനെ നയിക്കാൻ നെഹ്റു കുടുംബത്തിന് പുറത്തുനിന്ന് അധ്യക്ഷനുണ്ടാകുന്നത്. ഹൈക്കമാൻഡിന്റെ ആശീർവാദത്തോടെ എൺപതുകാരനായ ഖാർഗെ രംഗത്തെത്തിയത്. വിമതശബ്ദമുയർത്തിയ ജി-23 നേതാക്കളുൾപ്പെടെ അദ്ദേഹത്തെ പിന്തുണച്ചിരുന്നു.

Top