പിണറായിക്കെതിരെ കോണ്‍ഗ്രസിന്റെ പരിഗണനയിൽ നിലവിൽ തരൂരും ! !

പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവ് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ഉയര്‍ത്തുന്നതും കലാപക്കൊടി. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യമാണ് കുഞ്ഞാലിക്കുട്ടി എം.പി പദവി രാജിവയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് മുസ്ലീംലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. ഇതേ ആവശ്യം വീണ്ടും ശക്തമാക്കാനാണ് കോണ്‍ഗ്രസ്സ് എം.പിമാരുടെയും തീരുമാനം. കൊടിക്കുന്നില്‍ സുരേഷ്, കെ.മുരളീധരന്‍, കെ.സുധാകരന്‍, അടൂര്‍ പ്രകാശ്, ശശി തരൂര്‍, ഹൈബി ഈഡന്‍, ബെന്നി ബെഹന്നാന്‍, ടി.എന്‍ പ്രതാപന്‍ തുടങ്ങിയവരെല്ലാം മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവരാണ്. ശക്തമായ നേതൃനിര മത്സര രംഗത്തില്ലെങ്കില്‍ കേരളം കൈവിട്ട് പോകുമെന്ന സന്ദേശമാണ് എം.പിമാര്‍ ഹൈക്കമാന്റിനും നല്‍കിയിരിക്കുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എം.പി സ്ഥാനം രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ ഹൈക്കമാന്റ് അനുകൂലമായി പ്രതികരിക്കുമെന്നാണ് എം.പിമാരുടെ പ്രതീക്ഷ. കേരളത്തിലെ ‘ഭീഷണി’ ഒഴിവാക്കാന്‍ ഡല്‍ഹിയിലേക്ക് നാടുകടത്തിയവരുടെ ഈ ആവശ്യംസകേരളത്തിലെ മറ്റു നേതാക്കളെയാണ് ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഈ നീക്കത്തെ ശക്തമായി മുന്‍പ് എതിര്‍ത്തിരുന്നത് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ മുല്ലപ്പള്ളിയും ഇപ്പോള്‍ ശരിക്കും പെട്ടിരിക്കുകയാണ്. സമാന സാഹചര്യമാണ് രമേശ് ചെന്നിത്തലയും നേരിടുന്നത്. സ്വന്തം തട്ടകത്തില്‍ പോലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ കഴിയാതിരുന്നത് ഇരു നേതാക്കളുടെയും നേതൃത്വത്തെയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ വാര്‍ഡില്‍ കോണ്‍ഗ്രസ്സ് ജയിച്ചെങ്കിലും പുതുപ്പള്ളി പഞ്ചായത്ത് ഭരണം നഷ്ടമായത് ഉമ്മന്‍ ചാണ്ടിക്കും തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എം.പിമാര്‍ മത്സരിക്കുന്നതിനെ ഉമ്മന്‍ ചാണ്ടിക്കും എതിര്‍ക്കാന്‍ കഴിയുകയില്ല. അതേസമയംലശക്തമായ നേതൃനിര കോണ്‍ഗ്രസ്സിലും മത്സരിക്കണമെന്ന താല്‍പ്പര്യമാണ് ലീഗും പ്രകടിപ്പിച്ചിരിക്കുന്നത്. ചെന്നിത്തലയെ മുന്‍ നിര്‍ത്തി പട നയിച്ചാല്‍ പാളുമെന്ന സന്ദേശം കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെയും ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. യു.എന്‍ മുന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ കൂടിയായ ശശി തരൂരിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടണമെന്ന നിര്‍ദ്ദേശവും നിലവില്‍ രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണ്. എ.ഐ.സി.സിയില്‍ നേതൃസ്ഥാനം ആവശ്യപ്പെട്ട് രംഗത്ത് വന്ന തരൂരിനെ മത്സരിപ്പിച്ചാല്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ ഒരു സാധ്യതയും തളളിക്കളയാന്‍ കഴിയുന്നതല്ല.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് നേതൃത്വത്തിനും പഴയ ശക്തി നഷ്ടപ്പെട്ടു കഴിഞ്ഞു. ആര് മത്സരിച്ചാലും ഏത് വിധേയനേയും ഭരണം പിടിക്കുക എന്ന നിലപാടിലേക്കാണ് ഗ്രൂപ്പ് നേതൃത്വങ്ങളും ഇപ്പോള്‍ മാറിയിരിക്കുന്നത്. സര്‍ക്കാറിനെതിരെ ആരോപണം ഉന്നയിച്ചത് കൊണ്ട് മാത്രം വിജയിക്കാന്‍ കഴിയില്ലന്നാണ് ഘടക കക്ഷികളും യു.ഡി.എഫ് നേതൃത്വത്തെ ഓര്‍മ്മിപ്പിക്കുന്നത്. ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് ഇനിയുള്ള ദിവസങ്ങളിലെങ്കിലും പ്രവര്‍ത്തിക്കണമെന്ന ആവശ്യമാണ് ആര്‍.എസ്.പി നേതൃത്വവും മുന്നോട്ട് വച്ചിരിക്കുന്നത്. ഇടതുപക്ഷത്തോട് ഗുഡ് ബൈ പറഞ്ഞ് യു.ഡി.എഫ് പാളയത്തിലെത്തിയ ആര്‍.എസ്.പിയും നിലനില്‍പ്പിനായാണ് നിലവില്‍ പോരാടുന്നത്. ആര്‍.എസ്.പിയുടെ തട്ടകമായ കൊല്ലത്തു പോലും മിന്നുന്ന വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയിരിക്കുന്നത്.

ഇത്തവണ കേരള ഭരണം യു.ഡി.എഫിന് കിട്ടിയില്ലെങ്കില്‍ പിന്നെ ഒരിക്കലും കിട്ടാന്‍ സാധ്യതയില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുക. പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പിനുള്ള സാധ്യതയും കുടുതലാണ്. ഈ സാധ്യത മുന്നില്‍ കണ്ടാണ് ബി.ജെ.പിയും കരുക്കള്‍ നീക്കുന്നത്. മുസ്ലീം ലീഗിനും ഭരണം ലഭിക്കാത്ത സാഹചര്യം ചിന്തിക്കാന്‍ പോലും കഴിയുന്നതല്ല. പിണറായി സര്‍ക്കാറിന് ഭരണ തുടര്‍ച്ച ഉണ്ടായാല്‍ ഫലത്തില്‍ യു.ഡി.എഫ് തന്നെയാണ് ശിഥിലമാകുക. ഈ അവസ്ഥ മുന്‍കൂട്ടി കണ്ട് ഗൗരവമായി ഇടപെടണമെന്ന ആവശ്യമാണ് മുതിര്‍ന്ന നേതാക്കളും മുന്നോട്ട് വയ്ക്കുന്നത്. മികച്ച സ്ഥാനാര്‍ത്ഥി പട്ടികയും പ്രകടന പത്രികയുമാണ് ആദ്യ നിര്‍ദ്ദേശം.

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പരമാവധി ഇടങ്ങളില്‍ പ്രചരണത്തിന് ഇറങ്ങണമെന്ന ആവശ്യമാണ് രണ്ടാമത്തേത്. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഒരു സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കണമെന്ന ആവശ്യവും കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ ഇക്കാര്യം നേരിട്ട് കണ്ട് ബോധ്യപ്പെടുത്താന്‍ ഡല്‍ഹിക്ക് പോകുമെന്ന നിലപാടിലാണ് യുവ തുര്‍ക്കികള്‍. സമാന ആവശ്യം മുസ്ലീം ലീഗിന്റെ പോഷക സംഘടനകള്‍ക്കുമുണ്ട്. എം.എസ്.എഫ്, യൂത്ത് ലീഗ്, വനിതാ ലീഗ് നേതൃത്വമാണ് പരിഗണന ആവശ്യപ്പെടുന്നത്. കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നത് ലീഗിലെ മുനീര്‍ വിഭാഗത്തെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

കുഞ്ഞാലിക്കുട്ടി ഡല്‍ഹിക്ക് പറന്നപ്പോള്‍ പ്രതിപക്ഷത്തെ രണ്ടാമനായി കളം നിറഞ്ഞിരുന്നത് മുനീറായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ വരവോടെ വീണ്ടും ഇനി മുനീറിന് ബാക്ക് സീറ്റിലേക്ക് മടങ്ങേണ്ടി വരും. യു.ഡി.എഫിന് ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി അതല്ലെങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഇതാണ് കുഞ്ഞാലിക്കുട്ടിയും ലക്ഷ്യമിടുന്നത്. ലീഗിന്റെ സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടലാണ് ലീഗിപ്പോള്‍ നടത്തി വരുന്നത്. മുന്നണിയിലെ പ്രധാന ഘടക കക്ഷി ആയതിനാല്‍ 30 സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടന്നതാണ് ലീഗിലെ പൊതുവികാരം.

Top