പ്രളയം . . . രാജ്യാന്തര അന്വേഷണം തന്നെ വേണം, നിലപാട് കടുപ്പിച്ച് ശശി തരൂർ എം.പി

തിരുവന്തപുരം: കേരളത്തിലെ പ്രളയത്തെക്കുറിച്ച് രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്ന് എംപി ശശി തരൂര്‍. കോണ്‍ഗ്രസ് നേതാവും മുന്‍ യുഎന്‍ ഉദ്യോഗസ്ഥനുമാണ് തരൂര്‍. വിദേശ സഹായം സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നമാക്കേണ്ടതില്ലെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. യുഎഇ, യുഎന്‍ സഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ഐക്യരാഷ്ട്ര സംഘടനയും മറ്റ് രാജ്യാന്തര ഏജന്‍സികളും കേരളത്തെ സഹായിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. തന്റെ ജനീവ സന്ദര്‍ശനം പൊതു പണം ഉപയോഗിച്ചായിരുന്നില്ലെന്നും തരൂര്‍ വിശദീകരിച്ചു. അണക്കെട്ട് തുറന്നതടക്കമുള്ള കാര്യങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് രാജ്യാന്തര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ കേന്ദ്രം നല്‍കുമെന്ന് മുന്‍ അനുഭവങ്ങള്‍ വെച്ച് പ്രതീക്ഷയില്ലെന്നും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Top