“തരൂർ മുഖ്യമന്ത്രി, ഹൈബിയും രാഘവനും ശബരീനാഥും മന്ത്രിമാർ” തരുർ ക്യാംപിലെ കണക്ക് കൂട്ടൽ !

കോൺഗ്രസ്സിലെ തരൂർ വിരുദ്ധർക്ക് ഇനി നിർണ്ണായകമാവാൻ പോകുന്നത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പായിരിക്കും. അതിനുള്ള സാധ്യതയാണിപ്പോൾ സംജാദമായിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ച 19 സീറ്റുകൾ ഇത്തവണ ലഭിച്ചില്ലങ്കിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് അത് വലിയ തിരിച്ചടിയാകുക. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള സതീശന്റെ മോഹമാണ് അതോടെ അവസാനിക്കുക. അത്തരമൊരു സാഹചര്യത്തിൽ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കേണ്ട അവസ്ഥ കെ. സുധാകരനുമുണ്ടാകും. ഈയൊരു ഭയം രണ്ടു നേതാക്കൾക്കുമുണ്ട്. 20-ൽ 19 സീറ്റുകൾ ലഭിച്ചില്ലങ്കിലും 15 സീറ്റെങ്കിലും ലഭിക്കുകയാണെങ്കിൽ പിടിച്ചു നിൽക്കാൻ ഇരു നേതാക്കൾക്കും കഴിയും. എന്നാൽ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ അതിനുള്ള സാധ്യതയും വളരെ കുറവാണ്. 12 മുതൽ 15 സീറ്റുകൾ വരെ ഉറപ്പിച്ചാണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്. മുസ്ലീം ലീഗിന്റെ രണ്ട് സീറ്റിൽ പൊന്നാനിയിൽ പോലും ഇടതുപക്ഷത്തിന് വലിയ പ്രതീക്ഷയാണ് ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം വെറും പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഈ ലോക്‌സഭ മണ്ഡലത്തിൽ യു.ഡി.എഫിനുള്ളത്.

കേരള കോൺഗ്രസ്സ് മുന്നണിയിൽ എത്തിയത് മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുക. ഒരു മുന്നണി എന്ന രൂപത്തിൽ ഇപ്പോൾ ഏറെ ശക്തമാണ് ഇടതുപക്ഷം. യു.ഡി.എഫിലാകട്ടെ കോൺഗ്രസ്സും മുസ്ലീം ലീഗും കഴിഞ്ഞാൽ, ജനപിന്തുണയുള്ള മറ്റൊരു പാർട്ടിയും ഇല്ലാത്ത അവസ്ഥയാണ്. യു.ഡി.എഫിന്റെ പരമ്പരാഗത വോട്ട് ബാങ്കായ മുസ്ലീം – ക്രൈസ്തവ ജനവിഭാഗങ്ങൾക്കിടയിലും ശക്തമായ സ്വാധീനമാണ് നിലവിൽ ഇടതുപക്ഷത്തിനുള്ളത്. ഇതൊക്കെയാണ് ലോകസഭ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ പ്രതീക്ഷയുടെ പ്രധാന ഘടകം. കഴിഞ്ഞ തവണ ഉണ്ടായ രാഹുൽ “എഫക്ട് ” ഇത്തവണ ഉണ്ടാകില്ലന്നതാണ് കണക്കു കൂട്ടൽ. ദേശീയ രാഷ്ട്രീയത്തിലെ കോൺഗ്രസ്സിന്റെ ദയനീയ അവസ്ഥയാണ് ഇത്തരമൊരു ആത്മവിശ്വാസത്തിന് ഇടതുപക്ഷത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തുടങ്ങിയപ്പോൾ തന്നെ ഗോവയിലും ഹിമാചൽ പ്രദേശിലും നേതാക്കൾ കൂട്ടത്തോടെയാണ് പാർട്ടി വിട്ടിരിക്കുന്നത്. കോൺഗ്രസ്സ് ഭരണം അവശേഷിക്കുന്ന രണ്ടു സംസ്ഥാനങ്ങളിൽ രാജസ്ഥാനിലാകട്ടെ, ഭിന്നത രൂക്ഷമായി സർക്കാർ തന്നെ നിലംപൊത്തുമെന്ന അവസ്ഥയാണ്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കൂടി തിരിച്ചടി നേരിട്ടാൽ ഭാരത് ജോഡോ യാത്ര തന്നെ, ഒരു കോമഡി യാത്രയായി മാറാനാണ് സാധ്യത. ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉറപ്പായും വിജയിക്കും എന്നു അവകാശപ്പെടാൻ എത്ര സംസ്ഥാനമുണ്ട് എന്ന ചോദ്യത്തിനു മുന്നിൽ സാക്ഷാൽ രാഹുൽ ഗാന്ധി പോലും ഒന്നു പകച്ചു നിൽക്കും. അതാണ് ഇപ്പോഴത്തെ അവസ്ഥ. ഈ സാഹചര്യത്തിൽ രാഹുൽ ‘രക്ഷകൻ’ എന്ന വാദമൊന്നും കേരളത്തിലും ഏശില്ലന്നതാണ് ഇടതുപക്ഷ കേന്ദ്രങ്ങളുടെ വാദം. ലോകസഭ തിരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകൾ അതിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഊഴം ഇതാണ് ഇടതുപക്ഷ ലക്ഷ്യം. ഈ ലക്ഷ്യത്തിലെത്താൻ രാഷ്ട്രീയ – സാമുദായിക ഘടകങ്ങളും കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമാണ്.

ഇവിടെയാണ് ശശിതരൂർ വിഭാഗവും അവസരം കാണുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടി നേരിട്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തരൂരിനെ മുൻ നിർത്താൻ കഴിയുമെന്നതാണ് ഈ വിഭാഗത്തിന്റെ കണക്കുകൂട്ടൽ. അതുവരെ പാർട്ടിയിൽ നടക്കുന്ന തരൂർ വിരുദ്ധ നിലപാടുകളെല്ലാം തന്നെ അദ്ദേഹത്തിന് ഹീറോ പരിവേഷം നൽകുകയേ ചെയ്യൂവെന്ന കാഴ്ചപ്പാടാണ് തരൂർ വിഭാഗം നേതാക്കൾക്കുള്ളത്. തരൂരിനൊപ്പം കൂടാൻ നിലവിൽ മടിച്ചു നിൽക്കുന്ന നേതാക്കൾ പോലും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ തരൂർ ക്യാംപിലെത്തുമെന്ന ആത്മവിശ്വാസവും അവർക്കുണ്ട്. ‘കളം’ തിരിച്ചറിഞ്ഞ് കോൺഗ്രസ്സിലെ എ വിഭാഗവും തരൂരിനാണ് നിലവിൽ പിന്തുണ നൽകുന്നത്. ഉമ്മൻ ചാണ്ടിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ‘ തരൂർ ‘ എന്ന ഉത്തരമാണ് ‘ എ’ വിഭാഗം നേതാക്കൾ നൽകുന്നത്. ഗ്രൂപ്പ് നേതാവായ എം.കെ രാഘവൻ തന്നെയാണ് ഉമ്മൻ ചാണ്ടിയെ തരൂരിന് അനുകൂലമാക്കാൻ ഇടപെട്ടിരിക്കുന്നത്. ‘ഐ’ ഗ്രൂപ്പിലും പിളർപ്പ് ഉറപ്പായി കഴിഞ്ഞു. ഗ്രൂപ്പിലെ പ്രധാനികളായ ഹൈബി ഈഡനും ശബരീനാഥനുമാണ് തരൂരിനു വേണ്ടി ഇടപെടൽ നടത്തി വരുന്നത്. മുസ്ലിംലീഗ് പിന്തുണ തരൂരിന് ലഭിക്കുമെന്ന സൂചന ലഭിച്ചതോടെ കൂടുതൽ നേതാക്കൾ തരൂരിനൊപ്പം കൂടിയിട്ടുണ്ട്. കോൺഗ്രസ്സ് അണികൾക്കിടയിലും തരൂരിന് തന്നെയാണ് കൂടുതൽ സ്വീകാര്യത. ഇതോടെ വെട്ടിലായിരിക്കുന്നത് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ.സി വേണു ഗോപാലുമാണ്. മുഖ്യമന്ത്രി സ്ഥാന മോഹികളിയ ഇവരുടെ സ്വപ്നങ്ങൾക്കു മേലാണ് ശശി തരൂർ കരിനിഴൽ പടർത്തിയിരിക്കുന്നത്.

തരൂരിനു വേണ്ടിയുളള പി.ആർ പ്രചരണം സോഷ്യൽ മീഡിയകളിലും ശക്തമാണ്. ലോകസഭയിലേക്ക് മത്സരിക്കാതെ നിയമസഭയിലേക്ക് മത്സരിക്കണമെന്നതാണ് തരൂരിന്റെ ആഗ്രഹമെന്നാണ് സൂചന. അദ്ദേഹത്തിന്റെ ഒപ്പമുള്ള എം.പിമാരായ എം കെ രാഘവനും ഹൈബി ഈഡനും അടുത്ത ഊഴത്തിൽ, തങ്ങളും മത്സരിക്കാനില്ലന്ന നിലപാടുകാരാണ്. നിയമസഭാ തിരഞ്ഞെടുപ്പാണ് ഇവരും ലക്ഷ്യമിടുന്നത്. തരൂരിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് ഭരണം പിടിച്ചാൽ ആ മന്ത്രിസഭയിൽ അംഗമാകുക എന്ന കണക്ക് കൂട്ടലിലാണ് എം.കെ രാഘവനും ഹൈബി ഈഡനും മുന്നോട്ട് പോകുന്നത്. യൂത്ത് കോൺഗ്രസ്സ് നേതാവ് കെ.എസ്. ശബരീനാഥന്റെ സ്വപ്നവും ഇതൊക്കെ തന്നെയാണ്.

ഈ സാഹചര്യത്തിൽ യു.ഡി.എഫ് – ഇടതുപക്ഷ പോരാട്ടം എന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തരൂർ – ഇടതുപക്ഷ പോരാട്ടമായി മാറാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. മൂന്നാം ഊഴത്തിനില്ലന്ന് പിണറായി വിജയൻ തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് ഇടതുപക്ഷത്തെ നയിക്കുക ആരാണെന്നതും രാഷ്ട്രീയ കേരളം തേടുന്ന ചോദ്യമാണ്. എന്നാൽ വ്യക്തിയല്ല പ്രത്യയ ശാസ്ത്രമാണ് ചെങ്കൊടിയുടെ കരുത്തെന്നതിനാൽ ഈ ചോദ്യത്തിന് ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രസക്തിയില്ലന്നാണ് സി.പി.എം നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

EXPRESS KERALA VIEW

Top