കോൺഗ്രസ്സ് നേതാക്കളെ ‘വിരട്ടി’ തരൂർ, കേന്ദ്രത്തിലും കേരളത്തിലും ‘ഭീഷണി’

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍-അശോക് ഗെലോട്ട് മത്സരത്തിന് കളമൊരുങ്ങിയാൽ തരൂരിനെ വെട്ടിനിരത്താനും കോൺഗ്രസ്സിൽ കർമ്മ പദ്ധതി ഒരുങ്ങുന്നുണ്ട്. കെ സി വേണുഗോപാലും സംഘവും ആണ് ഈ നീക്കത്തിനു പിന്നിൽ. ജി 23 നേതാക്കളിൽ കെ.സിയും കൂട്ടരും ഏറെ ഭയക്കുന്നതും തരൂരിനെയാണ്. അതിന് പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്ന് രാഹുൽ മാറി നിന്നാൽ തരൂർ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമോ എന്നതാണ്. തരൂരിന്റെ അന്താരാഷ്ട്ര ഇമേജ് മോദിക്കെതിരെ ഉപയോഗപ്പെടുത്താൻ മറ്റു പ്രതിപക്ഷ പാർട്ടികൾ സമ്മർദ്ദം ചെലുത്തിയാൽ അതിനോട് മുഖം തിരിക്കാൻ നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധിക്കു പോലും കഴിയുകയില്ല. ഇത്തരമൊരു സാഹചര്യം രാഹുലിന്റെ നിഴലായ കെ.സി വേണുഗോപാലിന് ചിന്തിക്കാൻ പോലും കഴിയാത്തതാണ്. രണ്ടാമത്തെ കാരണം കേരളത്തിലെ സാധ്യതയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തരൂർ വന്നാൽ അതോടെ അവസാനിക്കുക കെ.സിയുടെ സ്വപ്നങ്ങളാണ്. മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന വി.ഡി സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളും കെ.സിയെ പോലെ തന്നെ തരൂർ പേടിയിലാണ് നിലവിലുള്ളത്. ലോകസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ യു.ഡി.എഫിൽ പിന്നെ കാര്യങ്ങൾ തീരുമാനിക്കുക മുസ്ലീം ലീഗായിരിക്കും.

ലീഗ് പിളർന്ന് ഒരു വിഭാഗം ഇടതുപക്ഷത്ത് ചേക്കേറാനും സാധ്യത ഏറെയാണ്. ഈ ഘട്ടത്തിൽ തരൂരിനെ മുൻ നിർത്തി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന ആവശ്യം ലീഗ് ഉയർത്തിയാൽ അത് അംഗീകരിക്കാൻ കോൺഗ്രസ്സ് നിർബന്ധിതമാകും. അത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനാണ് ഇപ്പോൾ കെ.സി വേണുഗോപാലും സംഘവും ശ്രമിക്കുന്നത്. തരൂരിനെ പാർട്ടിയിൽ ഒറ്റപ്പെടുത്തി പുകച്ച് പുറത്ത് ചാടിക്കുകയാണ് ലക്ഷ്യം. കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് തരൂർ മത്സരിച്ചാൽ ദയനീയ തോൽവി ഉറപ്പു വരുത്തണമെന്ന നിർദ്ദേശമാണ് രാഹുൽ ഗാന്ധിയുടെ ഭാരത യാത്രക്കിടയിലും കെ.സി വേണുഗോപാലും സംഘവും നൽകി വരുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടായിരിക്കും തരൂർ മത്സരിച്ചാൽ എതിരാളിയാകുക.

 

അതേസമയം തെരഞ്ഞെടുപ്പില്‍ ശശി തരൂരിനും മത്സരിക്കാമെന്ന് സോണിയ ഗാന്ധിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആര്‍ക്കും മത്സരിക്കാമെന്നും രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തില്ലെന്നുമാണ് കൂടിക്കാഴ്ചയില്‍ സോണിയ വ്യക്തമാക്കിയിരിക്കുന്നത്. ഗ്രൂപ്പ് 23ന്റെ ലേബലില്ല മറിച്ച് പൊതുസമ്മതനെന്ന നിലക്ക് മത്സരിക്കാനാണ് ശശി തരൂർ നീക്കം നടത്തുന്നത്. പല നേതാക്കളോടും തരൂര്‍ പിന്തുണ തേടിയതായും സൂചനകൾ പുറത്തു വന്നിട്ടുണ്ട്.

ഇതിനിടെ പല സംസ്ഥാന ഘടകങ്ങളും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്കെത്തണമെന്ന പ്രമേയവും പാസാക്കി വരുന്നുണ്ട്. രാജസ്ഥാന്‍, ഛത്തീസ്ഗണ്ഡ്, യുപി, ജമ്മുകശ്മീര്‍, മഹാരാഷ്ട്ര പിസിസികളാണ് രാഹുല്‍ ഗാന്ധിക്കായി മുറവിളി കൂട്ടുന്നത്. ഇതിനു പിന്നിലും കെ.സിയാണെന്നാണ് അണിയറയിലെ സംസാരം. ഗാന്ധി കുടുംബത്തിന് കോൺഗ്രസ്സിൽ പിടി അയഞ്ഞാൽ ആദ്യം തെറിക്കുന്നത് കെ.സിയുടെ കസേര ആയിരിക്കും. പാർട്ടിയിലെ രണ്ടാം സ്ഥാനമായ സംഘടനാ ജനറൽ സെക്രട്ടറിയുടെ ചുമതലയാണ് നിലവിൽ കെ.സി വേണുഗോപാൽ വഹിക്കുന്നത്. ഈ സ്ഥാനം നഷ്ടമായാൽ കേരളത്തിൽ പോലും ഒരിടം കെ.സിക്ക് ലഭിക്കുകയില്ല. ഇക്കാര്യം ഏറ്റവും നന്നായി അറിയാവുന്നതും അദ്ദേഹത്തിനു തന്നെയാണ്.

EXPRESS KERALA VIEW

Top