തരൂര്‍ പാണക്കാട്ട്; സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച

മലപ്പുറം: യൂത്ത് കോൺഗ്രസ് ബഹിഷ്‌കരണ വിവാദത്തിനിടെ മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ എംപി. മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും എംകെ രാഘവൻ എംപിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മലപ്പുറത്ത് എത്തുമ്പോൾ തരൂരിന്റെ പാണക്കാട് സന്ദർശനം പതിവാണെന്നും രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുമന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

രാവിലെ എട്ടരയോടെയാണ് തരൂർ പാണക്കാട് എത്തിയത്. പാണക്കാട് സന്ദർശനത്തിന് ശേഷം, മലപ്പുറം ഡിസിസി ഓഫിസിലും തരൂർ എത്തും. പെരിന്തൽമണ്ണയിലെ ഹൈദരലി തങ്ങളുടെ പേരിലുള്ള സിവിൽ സർവിസ് അക്കാദമിയിൽ വിദ്യാർഥികളുമായി സംവദിക്കും. വൈകീട്ട് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കും.

ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തിൽ പരസ്യ പ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് കെപിസിസി നിർദേശം നൽകി. കോൺഗ്രസ് പാർട്ടിയുടെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങൾ പാടില്ലെന്നാണ് കെപിസിസി നിർദേശം. സ്വതന്ത്രമായ സംഘടനാ പ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കരുതെന്ന് ഡിസിസികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

ശശി തരൂർ സമുന്നതനായ നേതാവാണ്. തരൂരിന് കോൺഗ്രസിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ എല്ലാ അവകാശമുണ്ട്. തരൂരിന് ഔദ്യോഗിക പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ ഒരു തടസ്സവുമില്ല. പൊതു പരിപാടികളിൽ നിന്ന് തരൂരിനെ തടഞ്ഞെന്ന വാർത്ത വാസ്തവവിരുദ്ധമാണ്. വിവാദങ്ങൾ മാധ്യമസൃഷ്ടിയാണെന്നും കെപിസിസി പ്രസിഡന്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Top