താരിഖ് അന്‍വറിന്റെ പ്രസ്താവനയിൽ കോൺഗ്രസ്സിൽ പ്രതിഷേധം രൂക്ഷം

ന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസ്സിലേക്ക് ചാടി കേരള ചുമതലയിലെത്തിയ താരിഖ് അന്‍വറിനെതിരെ, കോണ്‍ഗ്രസ്സില്‍ പടയൊരുക്കം ശക്തമാവുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ലെന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ താരിഖ് അന്‍വറിന്റെ പ്രസ്താവനയാണ് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. മാതൃഭൂമി ന്യൂസാണ് താരിഖ് അന്‍വറിന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. താരിഖ് അന്‍വര്‍ വായടക്കില്ലെങ്കില്‍ വിവരമറിയുമെന്ന താക്കീതാണ് ‘എ’ വിഭാഗം നല്‍കിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി നേതൃനിരയില്‍ വന്നതോടെ മുന്നണിക്ക് പുതുജീവന്‍ ലഭിച്ചെന്ന് കരുതുന്ന മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ക്കും താരിഖ് അന്‍വറിന്റെ നിലപാടില്‍ കടുത്ത അതൃപ്തിയുണ്ട്.

 

രമേശ് ചെന്നിത്തലയെ ഉയര്‍ത്തി കാട്ടിയാല്‍ ഉള്ള സീറ്റുകള്‍ പോലും അടുത്ത തവണ കിട്ടില്ലന്ന വിലയിരുത്തലിലാണ് ഘടകകക്ഷികള്‍. താരിഖ് അന്‍വറിന് രമേശ് ചെന്നിത്തലയോടുള്ള അടുപ്പം കൂടി മുന്നില്‍ കണ്ടാണ് താരിഖിന് മീതെ സൂപ്പര്‍ കമ്മറ്റിയെ ഹൈക്കമാന്റ് നിയോഗിച്ചതെന്നാണ് ഘടക കക്ഷികളും വിലയിരുത്തുന്നത്. നിരീക്ഷക സമിതി ചെയര്‍മാനായി നിയോഗിക്കപ്പെട്ട രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ഉമ്മന്‍ ചാണ്ടിയുമായാണ് അടുപ്പം കൂടുതല്‍. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചെയര്‍മാനായി ഉമ്മന്‍ ചാണ്ടി കൂടി നിയമിതനായതിനാല്‍ ഇപ്പോള്‍ കാറ്റ് ‘എ’ വിഭാഗത്തിന് അനുകൂലമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഈ കൂട്ട് കെട്ട് ‘ഐ’ വിഭാഗത്തിന് ഭീഷണിയാകുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

പിണറായിയെ പോലുള്ള കരുത്തനായ ഒരു പടനായകനെ നേരിടാനുള്ള ശേഷി ചെന്നിത്തലത്തിലക്കില്ലെന്ന യാഥാര്‍ത്ഥ്യം ഹൈക്കമാന്റിനും ഇതിനകം തന്നെ ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്. യു.ഡി.എഫില്‍ ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ള നേതാവും ഉമ്മന്‍ ചാണ്ടി തന്നെയാണ്. അതേസമയം, അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടില്ലെന്ന ഐ വിഭാഗത്തിന്റെ നിലപാടിന് പിന്നിലും വ്യക്തമായ കണക്ക് കൂട്ടല്‍ തന്നെയാണുള്ളത്. ആദ്യ രണ്ടര വര്‍ഷം ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയാല്‍ പിന്നെ രണ്ടരവര്‍ഷം ചെന്നിത്തലക്ക് ലഭിക്കുക പ്രയാസമാണെന്ന് തന്നെയാണ് ഐ വിഭാഗം വിലയിരുത്തുന്നത്.

 

നിലവിലെ ഐ വിഭാഗത്തിന്റെ അവസ്ഥ തന്നെ ഏറെ പരിതാപകരവുമാണ്. പല മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കളും ഇപ്പോള്‍ എ വിഭാഗത്തോടൊപ്പമാണ്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായാല്‍ ഐ വിഭാഗത്തെ വീണ്ടും പിളര്‍ത്താനും സാധ്യതയുണ്ട്. ഇതുകൂടി പരിഗണിച്ചാണ് ചെന്നിത്തലയുടെ കരു നീക്കം. കേരള മുഖ്യമന്ത്രിയാകുക എന്നത് അദ്ദേഹത്തെ സംബന്ധിച്ച് ഏറെ കാലമായി കൊണ്ട് നടക്കുന്ന വലിയ സ്വപ്നമാണ്. ഇത്തവണ ഇല്ലെങ്കില്‍ ഇനി ഒരിക്കലുമില്ല എന്നതും ചെന്നിത്തലക്ക് നന്നായി അറിയാം. വെല്ലുവിളികളെ മറികടക്കാന്‍ താരിഖ് അന്‍വറിനെ കൂട്ട് പിടിച്ച്,ൃ അവസാനത്തെ ശ്രമമാണിപ്പോള്‍ ഐ വിഭാഗം നടത്തി കൊണ്ടിരിക്കുന്നത്. എന്നാല്‍, ഈ നീക്കങ്ങളെ, ശക്തമായി ചെറുക്കാന്‍ തന്നെയാണ് ‘എ’ വിഭാഗത്തിന്റെ തീരുമാനം.

താരിഖ് അന്‍വര്‍ ഇനിയും വിവാദ പ്രസ്താവന നടത്തിയാല്‍ അദ്ദേഹത്തെ തിരിച്ച് വിളിക്കാന്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെടാനാണ് ഗ്രൂപ്പ് നേതൃത്വത്തിന്റെ തീരുമാനം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ശക്തമായി തന്നെ ഉമ്മന്‍ചാണ്ടി ഇടപെടും. പുതിയ സാഹചര്യത്തില്‍, കെ.സുധാകരന്‍ കെ.പി.സി.സി അദ്ധ്യക്ഷനാകുന്നതിനോടും ശക്തമായ വിയോജിപ്പാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളത്. കെ.മുരളീധരനെ കെ.പി.സി.സി അദ്ധ്യക്ഷനാക്കണമെന്ന നിര്‍ദ്ദേശമാണ് ഈ വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. ഐ വിഭാഗത്തിലെ വിമതരും എ വിഭാഗവും ഈ നിര്‍ദ്ദേശത്തെയാണ് പിന്തുണയ്ക്കുന്നത്. ഹൈക്കമാന്റിനെ സംബന്ധിച്ച് കേരളത്തിലെ പുതിയ നീക്കങ്ങള്‍ വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

 

മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയാല്‍ ഉടനെ തന്നെ കെ.പി.സി.സി അദ്ധ്യക്ഷനെ തീരുമാനിക്കേണ്ടതുണ്ട്. സുധാകരനെതിരെ ‘എ’ വിഭാഗം കടുത്ത നിലപാട് സ്വീകരിച്ചാല്‍ ഹൈക്കമാന്റാണ് പ്രതിരോധത്തിലാകുക. പ്രതിപക്ഷ നേതാവും, കെ.പി.സി.സി അദ്ധ്യക്ഷനും ‘ഐ’ വിഭാഗത്തില്‍ നിന്നും ആകുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കില്ലന്ന നിലപാടിലാണ് ‘എ’ വിഭാഗം. ഇതോടെ, മുല്ലപ്പള്ളിയുടെ മത്സരിക്കാനുള്ള മോഹം മറ്റൊരു വലിയ പ്രതിസന്ധിയിലേക്കാണ് കോണ്‍ഗ്രസ്സിനെ തള്ളിവിട്ടിരിക്കുന്നത്.

മുല്ലപ്പള്ളി മത്സരിക്കുകയാണെങ്കില്‍, അധികാരം ലഭിച്ചാല്‍, ആഭ്യന്തര മന്ത്രി സ്ഥാനം അദ്ദേഹത്തിന് ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. രമേശ് ചെന്നിത്തലക്ക് ആഭ്യന്തരം നല്‍കില്ലെന്ന കാര്യത്തില്‍ വലിയ വികാരമാണ് ‘എ’ വിഭാഗം നേതാക്കള്‍ക്കുള്ളത്. ഇത്തവണ ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ധനകാര്യ വകുപ്പ് കൂടി ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് മുസ്ലീംലീഗ്. ഭരണം ലഭിച്ചില്ലങ്കില്‍ പ്രതിപക്ഷ നേതൃസ്ഥാനമാണ് ലീഗിന്റെ ഉന്നം.

 

Top