പാളത്തില്‍ വിള്ളല്‍; താനൂരില്‍ റെയില്‍ ഗതാഗതം തടസ്സപ്പെട്ടു

മലപ്പുറം: താനൂരില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. ചിറക്കല്‍ ഭാഗത്തെ പാളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കോയമ്പത്തൂര്‍ -കണ്ണൂര്‍ പാസഞ്ചര്‍ പിടിച്ചിട്ടിരുന്നു.

രാവിലെ റെയില്‍ പാളത്തിന് സമീപത്ത് കൂടി നടന്നു പോയ ആളാണ് വിള്ളല്‍ ഉള്ള കാര്യം ശ്രദ്ധിച്ചത്. ഉടന്‍ തന്നെ കൈവശം ഉണ്ടായിരുന്ന വസ്ത്രം ഉയര്‍ത്തി കാട്ടി അതുവഴി വന്ന ട്രെയിന്‍ നിര്‍ത്തിച്ചതിനെ തുടര്‍ന്ന് വലിയ അപകടം ഒഴിവായി. ട്രെയിനിലെ ലോക്കോപൈലറ്റ് വിവരം സ്റ്റേഷന്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് 12 മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

നിരവധി ട്രെയിനുകള്‍ കടന്നു പോകുന്ന തിരക്കേറിയ പാതയിലാണ് സംഭവം.

Top