താനൂർ കൊലപാതകം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; മൂന്ന് പേർക്കായി തെരച്ചിൽ

മലപ്പുറം : താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസഹാക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തു. താനൂര്‍ അഞ്ചുടി സ്വദേശികളായ മഷ്ഹൂദ്, മുഫീസ്, ത്വാഹ എന്നിവരാണ് ഇതുവരെ പിടിയിലായത്.

മഷ്ഹൂദും മുഫീസും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റമാണ് ത്വാഹക്ക് എതിരെ ചുമത്തിയിരിക്കുന്നത്. നാലംഗ സംഘമാണ് ഇസ്ഹാക്കിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് വിവരം.

കേസിലെ നാല് പ്രതികളും സിപിഎം പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ നിന്നാണ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ നാലംഗ സംഘം വെട്ടിക്കൊന്നത്. ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്‌കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ചാണ് സംഭവം. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന നിഗമനത്തിലാണ് പൊലീസ്.

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകരാണ് ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് എന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു. പ്രതികള്‍ സിപിഎമ്മുകാരല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു

കൊലപാതകത്തില്‍ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തീരദേശ മേഖലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചിരുന്നു. വള്ളിക്കുന്ന് മുതല്‍ പൊന്നാനി വരെയുള്ള ആറ് നിയോജക മണ്ഡലങ്ങളിലായിരുന്നു ഹര്‍ത്താല്‍.

Top