മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറം താനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി.പ്രതികള്‍ സിപിഎമ്മുകാരല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.

ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും മുസ്ലീം ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ നാലംഗ സംഘം വെട്ടിക്കൊന്നത്. ഇസ്ഹാഖ് അഞ്ചുടി ജുമാമസ്ജിദിലേക്ക് നമസ്‌കാരത്തിന് പോകുന്ന സമയം പള്ളിക്കടുത്ത് വെച്ചാണ് സംഭവം. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇസ്ഹാഖിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ നാലു പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.

രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സി.പി.എം പ്രവര്‍ത്തകരാണ് ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് എന്ന് ലീഗ് പ്രവര്‍ത്തകര്‍ ആരോപിച്ചു.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

Top