ബോക്‌സോഫീസില്‍ തരംഗമായി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍; 5 ദിവസത്തിനുള്ളില്‍ ഗംഭീര കളക്ഷന്‍

ജൂലൈ മാസത്തില്‍ ഒരുപാട് സിനിമകള്‍ റിലീസിനെത്തിയിരുന്നു. ഇതില്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകളും ഉള്‍പ്പെടുന്നുണ്ടെങ്കിലും തണ്ണീര്‍മത്തന്‍ ദിനങ്ങളാണ് ഇവയ്‌ക്കെല്ലാം മുകളില്‍ തിളങ്ങി നില്‍ക്കുന്നത്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ ഭൂരിഭാഗവും പുതുമുഖതാരങ്ങളായിരുന്നു അണിനിരന്നത്. റിലീസിനെത്തിയ ആദ്യ ദിവസം മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ ചിത്രം ബോക്‌സോഫീസിലും തരംഗമായി മാറിക്കഴിഞ്ഞു. പ്രദര്‍ശനം തുടങ്ങി ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ അതിഗംഭീര കളക്ഷനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നര കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമ ഇതിനോടകം മൂന്നരക്കോടിക്ക് മുകളില്‍ നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം സിനിമയുടെ സാറ്റ്‌ലൈറ്റ് അവകാശം 2 കോടിയോളം രൂപയ്ക്ക് ഒരു പ്രമുഖ ചാനല്‍ വാങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം.

കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യൂ തോമസ് സിനിമയില്‍ നായകനാവുമ്പോള്‍ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അനശ്വര രാജനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ മറ്റൊരു കേന്ദ്രകഥാപാത്രമാണ്.

പ്ലസ്ടു കാലഘട്ടത്തില്‍ ഉണ്ടാവുന്ന പ്രണയവും സൗഹൃദവും സംഘര്‍ഷങ്ങളുമെല്ലാമാണ് സിനിമയുടെ പ്രമേയം. വലിയ സിനികളുടെ റിലീസ് ഒന്നും ഇല്ലാത്തതിനാല്‍ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് നല്ല പ്രകടനം കാഴ്ച വെക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

Top