തരംഗമായി തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍: റെക്കോര്‍ഡ് ബോക്‌സ് ഓഫീസ് കളക്ഷന്‍

വാഗതനായ ഗിരീഷ് എഡി അണിയിച്ചൊരുക്കിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 30 കോടി രൂപയ്ക്ക് മുകളില്‍ ഗ്രോസ് കളക്ഷനിലേക്ക് എത്തിക്കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. സ്‌ക്കൂള്‍ പശ്ചാത്തലത്തില്‍ പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയനായ മാത്യു തോമസും ഉദാഹരണം സുജാത ഫെയിം അനശ്വര രാജനും വിനീത് ശ്രീനിവാസനുമാണ് പ്രധാന വേഷങ്ങളിലെത്തിയത്.

1.75 കോടി മുതല്‍മുടക്കിലാണ് സിനിമ അണിയിച്ചൊരുക്കിയിത്. യുഎഇ-ജിസിസി ബോക്സോഫീസുകളില്‍ നിന്നായി 10 ദിവസം കൊണ്ട് 11.27കോടി രൂപയാണ് സിനിമ നേടിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുഴുനീള കോമഡി ചിത്രമായി ഒരുക്കിയ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ക്ക് ആദ്യ ഷോ മുതല്‍ തന്നെ ഗംഭീര സ്വീകര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ഷെബിന്‍ ബക്കര്‍ എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചത്.

സിനിമയുടെ മൊത്തം ബിസിനസില്‍ നിന്നും നിര്‍മ്മാതാക്കള്‍ ഇതിനകം 20 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട് എന്നും കണക്കാക്കപ്പെടുന്നു.
മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ചപ്പോഴും മികച്ച പ്രകടനം തുടര്‍ന്ന ചിത്രം 25 ദിവസങ്ങള്‍ കൊണ്ടാണ് 30 കോടിയിലെത്തിയത്. ഇക്കൊല്ലം തീയറ്ററുകളില്‍ നിന്നും ഏറെ നേട്ടമുണ്ടാക്കിയ ചിത്രങ്ങളില്‍ നാലാം സ്ഥാനത്താണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ലൂസിഫര്‍, മധുരരാജ, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ സിനിമകളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുഉള്ളത്.

Top