ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് നന്ദി; ‘നേരി’ന് ലഭിച്ച സ്വീകരണത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ട് കെട്ടില്‍ പിറന്ന നേര് മറ്റൊരു വിജയം കുറിക്കുമ്പോള്‍ പ്രേഷകര്‍ക്ക് നന്ദി പറയുകയാണ് മോഹന്‍ലാല്‍. ‘നേരി’ന് ലഭിച്ച സ്വീകരണത്തിന് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് നന്ദിയെന്നാണ് സിനിമയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്.

നേര് പോലെയുള്ള സിനിമകള്‍ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും ഇത്രയും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ഒരു സിനിമ 50 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നത് ആ സിനിമ അത്രയും മികച്ചതായതു കൊണ്ടാണെന്നും പ്രേക്ഷകര്‍ കമന്റ് ചെയ്യുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ ശക്തമായ തിരിച്ചു വരവ് നടത്തിയ ചിത്രമാണ് നേര്. പുലിമുരുകന്‍, ലൂസിഫര്‍ എന്നീ സിനിമകള്‍ക്ക് ശേഷം 100 കോടി ക്ലബില്‍ ഇടം നേടുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നേട്ടം കൂടി ചിത്രത്തിന് ഉണ്ട്.

ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. ഏറെക്കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ ബിഗ് സ്‌ക്രീനില്‍ അഭിഭാഷക കഥാപാത്രമായി എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ നേര് ലഭ്യമാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാം.

Top