Thanks to Renault Kwid, Renault India becomes 4th largest

നിരത്തിലെത്തിയതു മുതല്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുന്ന ചെറുകാറായ ‘ക്വിഡി’ന്റെ പിന്‍ബലത്തില്‍ ഫ്രഞ്ച് നിര്‍മാതാക്കളായ റെനോയ്ക്കും ഉജ്വല മുന്നേറ്റം.

ഏപ്രിലിലെ കാര്‍ വില്‍പ്പനയില്‍ ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട കാഴ്‌സ് ഇന്ത്യ ലിമിറ്റഡിനെ പിന്തള്ളി റെനോ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കു മുന്നേറി; മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്, ഹ്യുണ്ടേയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ കമ്പനികളാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍. 2016 ഏപ്രിലില്‍ റെനോ 12,426 യൂണിറ്റ് വിറ്റപ്പോള്‍ ഹോണ്ടയുടെ വില്‍പ്പന 10,982 കാറുകളില്‍ ഒതുങ്ങി.

കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ചു കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ 211% വളര്‍ച്ചയാണു റെനോ കൈവരിച്ചത്. 2015 ഏപ്രിലില്‍ 4,001 കാറുകള്‍ മാത്രം വിറ്റ റെനോയ്ക്ക് ‘ക്വിഡി’ന്റെ വരവാണു പുതിയ ഊര്‍ജം പകര്‍ന്നത്.

‘ക്വിഡി’നോടുള്ള വിപണിയുടെ പ്രിയം മാറ്റമില്ലാതെ തുടരുന്നതിനാല്‍ വരുംമാസങ്ങളിലും കാര്‍ വില്‍പ്പനയില്‍ കമ്പനി തകര്‍പ്പന്‍ പ്രകടനം തുടരാനാണു സാധ്യത. പോരെങ്കില്‍ പതിനായിരക്കണക്കിന് പേരാണു ‘ക്വിഡി’നായി ബുക്കിങ് നടത്തി കാത്തിരിക്കുന്നത്.

വാഹന കൈമാറ്റം വേഗത്തിലാക്കാന്‍ റെനോ ‘ക്വിഡി’ന്റെ പ്രതിമാസ ഉല്‍പ്പാദനം 10,000 യൂണിറ്റോളമായി ഉയര്‍ത്തിയിട്ടുണ്ട്. രാത്രിയില്‍ കൂടി ഒരഗടത്തെ റെനോ നിസ്സാന്‍ ശാല പ്രവര്‍ത്തനം തുടങ്ങിയതോടെ ‘ക്വഡി’നുള്ള കാത്തിരിപ്പ് ആറു മാസത്തില്‍ നിന്നു നാലു മാസത്തോളമായി കുറഞ്ഞിട്ടുണ്ട്.

Top