Thanks For Turning Yamuna Bank Into ‘Much Cleaner Site’: Uma Bharti To Art Of Living

ന്യൂഡല്‍ഹി: കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ വേള്‍ഡ് കള്‍ച്ചര്‍ ആഘോഷങ്ങള്‍ക്കായി യമുനാ തീരം കൂടൂതല്‍ വൃത്തിയുള്ള സ്ഥലമായി മാറ്റിയതിന് കേന്ദ്രജലവിഭവ മന്ത്രി ഉമാഭാരതി ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഒഫ് ലിവിങ്ങ് സംഘടനയ്ക്ക് നന്ദി പറഞ്ഞു. കൂടാതെ ജനങ്ങള്‍ക്കായി അവിടം ഒരു പൂന്തോട്ടമാക്കി മാറ്റാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ശ്രീ ശ്രീ നടത്തിയ പരിപാടിയെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നു. മുമ്പും ഞാന്‍ ആ സ്ഥലം കണ്ടിട്ടുണ്ട്. അപ്പോഴത്തെ അവസ്ഥ കഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരുപാട് മാറി. ശ്രീ ശ്രീ അവിടെ അങ്ങനൊരു പരിപാടി സംഘടിപ്പിച്ചതിനാലാണത്. അവിടം വൃത്തിയുള്ള സ്ഥലമായി. വൃക്ഷങ്ങളൊന്നും മുറിച്ചിട്ടുമില്ല. കാടുപിടിച്ച് കിടന്ന സ്ഥലം വൃത്തിയാക്കി. അത് വൃത്തിയാക്കേണ്ടത് ആവശ്യവുമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ശ്രീ ശ്രീ ഡല്‍ഹിയിലെ വൃത്തിഹീനമായി കിടക്കുന്ന സ്ഥലങ്ങള്‍ എങ്ങനെ ശുചിയാക്കാം എന്ന് ഒരു മാതൃക കാട്ടി തരികയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് നന്ദി പറയുകയാണ് വേണ്ടത്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അതൊരു ആശ്വാസമായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും ആ സ്ഥലം ഉപയോഗിക്കാന്‍ സാധിക്കും. മാത്രമല്ല ജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ എങ്ങനെ അവിടം സുന്ദരമാക്കാന്‍ സാധിക്കുമെന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ആത്മീയ ഗുരുവിനെ പുകഴ്ത്തിക്കൊണ്ട് മന്ത്രി പറഞ്ഞു.

ദേശീയ ഹരിത ട്രിബ്യൂണല്‍ രണ്ടു ദിവസം മുമ്പ് ആര്‍ട്ട് ഒഫ് ലിവിങ്ങിനോട് യമുനാതീരത്തെ ജൈവവൈവിദ്ധ്യം നശിപ്പിച്ചതിന് നാലു കോടി പിഴയടക്കണം എന്ന് ആവശ്യപ്പെട്ടതിനിടയിലാണ് മന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

Top