പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ നന്ദി; ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് വൈരമുത്തു

ചെന്നൈ: ഒഎന്‍വി സാഹിത്യ പുരസ്‌കാരം വേണ്ടന്നറിയിച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. പുരസ്‌കാരത്തിന് പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുരസ്‌കാരം വേണ്ടെന്ന് വെയ്ക്കുന്നത്. മീ ടൂ ആരോപണ വിധേയനായ വൈരമുത്തുവിനെ ഒഎന്‍വി പുരസ്‌കാരത്തിന് പരിഗണിച്ചതിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.

ഇതോടെ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ തീരുമാനം വിവാദമാവുകയും ചെയ്തിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് വൈരമുത്തുവിന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് പുരസ്‌കാരം വേണ്ടെന്നറിയിച്ച് വൈരമുത്തു രംഗത്തെത്തിയത്.

പുരസ്‌കാര തുകയായ മൂന്ന് ലക്ഷം രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അദ്ദേഹം അപേക്ഷിച്ചു. അതോടൊപ്പം, തന്റെ പേരില്‍ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

Top