പ്രധാനമന്ത്രിക്ക് നയതന്ത്രത്തിലുള്ള കഴിവില്ലായ്മ മൂടിവെച്ചതിന് നന്ദി; ജയ്ശങ്കറിനോട് രാഹുല്‍

ന്യൂഡല്‍ഹി: മോദിയുടെ ‘അബ് കി ബാര്‍ ട്രംപ്’ സര്‍ക്കാര്‍ പ്രസ്താവനയെ ന്യായീകരിച്ച വിദേശകാര്യ മന്ത്രി ജയ്ശങ്കറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ പ്രധാനമന്ത്രിക്ക് നയതന്ത്രത്തിലുള്ള കഴിവില്ലായ്മ മൂടിവെച്ചതിന് താങ്കളോട് നന്ദി അറിയിക്കുന്നു എന്നാണ് രാഹുല്‍ പറഞ്ഞത്.

നമ്മുടെ പ്രധാനമന്ത്രിക്ക് നയതന്ത്രത്തിലുള്ള കഴിവില്ലായ്മ മൂടിവെച്ചതിന് താങ്കളോട് നന്ദി അറിയിക്കുന്നു. പക്ഷംപിടിച്ച് ട്രംപിന് മുഖസ്തുതി നടത്തിയ മോദിയുടെ പ്രകടനം ഇന്ത്യയും ഡെമോക്രാറ്റുകളും തമ്മില്‍ വലിയ പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. നിങ്ങളുടെ ഇടപെടലിലൂടെ അത് പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ നയതന്ത്രപരമായ കാര്യങ്ങളെക്കുറിച്ച് താങ്കള്‍ അദ്ദേഹത്തിന് കുറച്ച് പാഠം പകര്‍ന്നുനല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഹൗഡി മോദി പരിപാടിക്കിടെ മോദി നടത്തിയ പ്രസ്താവന വിവാദമായതിനെ തുടര്‍ന്നായിരുന്നു വിദേശകാര്യ മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. ‘പ്രധാനമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ല. പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് വളരെ ശ്രദ്ധയോടെ പരിശോധിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ട്രംപ് ജനങ്ങളോട് പറയാറുള്ള വാചകം തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്’. -എന്നാണ് ജയശങ്കര്‍ പറഞ്ഞത്. ഈ വിശദീകരണത്തെ വിമര്‍ശിച്ചാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.

ഹൗഡി മോദി പരിപാടിക്കിടെ’ഒരിക്കല്‍ കൂടി ട്രംപ് സര്‍ക്കാര്‍’ എന്ന മുദ്രാവാക്യത്തോടെയാണ് മോദി ട്രംപിനെ വേദിയിലേയ്ക്ക് സംസാരിക്കാന്‍ ക്ഷണിച്ചത്.അടുത്ത തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ക്കു മുന്‍തൂക്കമുള്ള ഹൂസ്റ്റണിലെ ഇന്ത്യക്കാരുടെ വോട്ട്,മോദിയുടെ സഹായത്തോടെ തേടുകയാണ് ഹൗഡി മോദി പരിപാടിയിലൂടെ ട്രംപ് ചെയ്തതെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.

Top