ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ച ഡല്‍ഹിക്ക് നന്ദി! എഎപി മുന്നേറ്റത്തില്‍ പ്രശാന്ത് കിഷോര്‍

ല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ മുന്നേറ്റം സൃഷ്ടിച്ച് ആം ആദ്മി പാര്‍ട്ടി മുന്നേറുമ്പോള്‍ പാര്‍ട്ടി പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ രാഷ്ട്രീയ നയതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ഡല്‍ഹി വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു. നിതീഷ് കുമാറിന്റെ ജെഡിയുവില്‍ നിന്നും അടുത്തിടെ പുറത്തായ കിഷോറാണ് ആം ആദ്മിയുടെ പ്രചരണ തന്ത്രങ്ങള്‍ തയ്യാറാക്കിയത്.

‘ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാന്‍ തയ്യാറായ ഡല്‍ഹിക്ക് നന്ദി’, പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു. മൂന്നാം തവണ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പാകത്തിന് തെരഞ്ഞെടുപ്പ് തൂത്തുവാരുകയാണ് ഇക്കുറിയും എഎപി. എഴുപത് അംഗ നിയമസഭയില്‍ അന്‍പതിലേറെ സീറ്റിലാണ് ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുന്നത്.

2015 നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപി മികച്ച നേട്ടമാണ് കൈവരിച്ചത്. എന്നാല്‍ ഭൂരിപക്ഷത്തിന് അരികിലൊന്നും ഇത് എത്തിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും, ബിജെപിയെയും രൂക്ഷമായി വിമര്‍ശിക്കുന്നത് ശീലമാക്കിയ കിഷോര്‍ നിതീഷ് കുമാറുമായി വാക്‌പോരില്‍ ഏര്‍പ്പെട്ടതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്തായത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ മുഴുവന്‍ സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. ഇതോടെ പ്രശ്‌നം തിരിച്ചറിഞ്ഞ കെജ്രിവാളും സംഘവും ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പ് ആം ആദ്മി പ്രചരണങ്ങള്‍ ആരംഭിച്ചു. പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി.

പ്രധാനമന്ത്രി മോദിയെ നിശിതമായി വിമര്‍ശിക്കുന്ന കെജ്രിവാള്‍ ഇക്കുറി അദ്ദേഹത്തിന് എതിരെ ഒരക്ഷരം പോലും മിണ്ടിയില്ല. മോദിയെ വിമര്‍ശിക്കുന്നത് ബിജെപിക്ക് നേട്ടമാകുമെന്ന് തിരിച്ചറിഞ്ഞ് പാര്‍ട്ടിക്ക് മുഖ്യമന്ത്രി മുഖമില്ലെന്ന വിഷയം ഉയര്‍ത്തിക്കാണിക്കാനാണ് കെജ്രിവാള്‍ ശ്രമിച്ചത്. ആ നീക്കം വിജയമാകുകയും ചെയ്തു.

Top