ഈ കുടുംബത്തില്‍ ഇടംനല്‍കിയ മോദിക്കും, അമിത് ഷായ്ക്കും നന്ദി; ‘പുതിയ കളിയില്‍’ സിന്ധ്യ

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന് മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ച ജ്യോതിരാദിത്യ സിന്ധ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഒപ്പം ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്കും നന്ദി അറിയിച്ചു. 18 വര്‍ഷം നീണ്ട സഹകരണം അവസാനിപ്പിച്ചാണ് സിന്ധ്യ പൊടുന്നനെ പിന്‍മാറ്റം പ്രഖ്യാപിച്ചത്.

ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ച് സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ കുടുംബത്തില്‍ ഇടംനല്‍കിയ മോദിക്കും, അമിത് ഷായ്ക്കും ജ്യോതിരാദിത്യ സിന്ധ്യ നന്ദി പറഞ്ഞു. ‘എന്റെ ജീവിതത്തില്‍ രണ്ട് സുപ്രധാന തീയതികളാണുള്ളത്. 2001 സെപ്റ്റംബര്‍ 30ന് പിതാവിനെ നഷ്ടപ്പെട്ടു. അത് ജീവിതം മാറ്റിമറിച്ച ദിവസമായിരുന്നു. രണ്ടാമത്തെ തീയതി 2020 മാര്‍ച്ച് 10 ആണ്, പിതാവിന്റെ 75ാം ജന്മവാര്‍ഷിക ദിനം. ആ ദിവസമാണ് ഞാന്‍ പുതിയൊരു തീരുമാനമെടുത്തത്. ജനസേവനത്തിലാണ് എന്നും വിശ്വസിക്കുന്നത്, രാഷ്ട്രീയം അതിനുള്ള വഴിയാണ്’, സിന്ധ്യ വ്യക്തമാക്കി.

ഇന്നത്തെ കോണ്‍ഗ്രസിന്റെ അവസ്ഥ മുന്‍പൊരിക്കലും ഇല്ലാത്തതാണെന്നും സിന്ധ്യ കൂട്ടിച്ചേര്‍ത്തു. ‘എന്റെ പിതാവ് രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച സമയത്ത് കോണ്‍ഗ്രസിലായിരുന്നു. എന്നാല്‍ നിലവിലെ സ്ഥിതിയില്‍ രാജ്യത്തിനായി പ്രവര്‍ത്തിക്കുന്നത് അസാധ്യമാണ്’, അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ കോണ്‍ഗ്രസ് യാഥാര്‍ത്ഥ്യം അവഗണിച്ച്, ആലസ്യത്തില്‍ വീണ്, നേതൃത്വം ഏറ്റെടുക്കാന്‍ ആളുകള്‍ക്ക് അവസരം നല്‍കാത്ത അവസ്ഥയിലാണ്. രാജ്യം മുഴുവന്‍ ഇതാണ് അവസ്ഥ, സിന്ധ്യ പറഞ്ഞു.

മധ്യപ്രദേശില്‍ ട്രാന്‍സ്ഫര്‍ റാക്കറ്റും, മണ്ണ് മാഫിയയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ പുരോഗമനത്തിന്റെ ഭാഗമാകാനാണ് ഈ തീരുമാനം. ബിജെപിക്ക് രണ്ട് തവണയാണ് വലിയ ഭൂരിപക്ഷം ലഭിച്ചത്. രാജ്യത്തിന് ഗുണകരമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ് പ്രധാനമന്ത്രി മോദിക്കുണ്ട്, അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതിയും, പരിഷ്‌കാരങ്ങളും ശ്രദ്ധേയമാണ്, സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

Top