തനി ഒരുവന്‍ 2,ക്യാപ്റ്റന്‍ മില്ലര്‍ 2 നിരവധി ചിത്രങ്ങള്‍ ; തമിഴകം ആഘോഷമാക്കിയ സിനിമാ സീക്വലുകള്‍ 2025ലേക്ക്

ഴിഞ്ഞ വര്‍ഷങ്ങളായി ഇന്ത്യന്‍ സിനിമാ പ്രേമികളെ ആവേശം കൊള്ളിക്കുകയാണ് തമിഴ് സിനിമാ വ്യവസായം. പ്രതീക്ഷയുള്ള സൂപ്പര്‍താര-സംവിധായക ചിത്രങ്ങള്‍ തമിഴകത്തിന്റെ ചര്‍ച്ചയില്‍ ഉണ്ട്. എന്നാല്‍ തമിഴകം ആഘോഷമാക്കിയ സീക്വലുകള്‍ കൂടി 2025ലേക്ക് ഒരുങ്ങുകയാണ്.

തനി ഒരുവന്‍ 2

നടന്‍ ജയം രവിയെ നായകനാക്കി മോഹന്‍ രാജ സംവിധാനം ചെയ്ത ‘തനി ഒരുവന്‍’ 2015ലെ സൂപ്പര്‍ഹിറ്റ് വിജയങ്ങളില്‍ ഒന്നാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിലാണ്. 2024 ഏപ്രിലില്‍ തനി ഒരുവന്‍ 2 ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന. ജയം രവിയ്ക്ക് പുറമെ അരവിന്ദ് സ്വാമിയും നയന്‍താരയുമായിരുന്നു ആദ്യ ഭാഗത്തിലെ പ്രധാന താരങ്ങള്‍. 2023 ആഗസ്റ്റിലാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനമുണ്ടായത്. നയന്‍താര തന്നെയാണ് പുതിയ ചിത്രത്തിലെയും നായിക. മറ്റുതാരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അണിയറക്കാര്‍ പുറത്ത് വിട്ടടില്ല.

നീരവ് ഷായാണ് ഛായാഗ്രഹണം. സാം സി എസ് സംഗീതം നിര്‍വഹിക്കുന്നു. വസന്ത്കുമാറാണ് എഡിറ്റിങ്. എജിഎസ് എന്റര്‍ടെയിന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റുതാരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സര്‍പ്പട്ട പരമ്പരൈ 2

ആര്യ നായകനായി എത്തിയ ഹിറ്റ് ചിത്രം സര്‍പ്പട്ട പരമ്പരൈയുടെ രണ്ടാം ഭാഗവും അണിയറയിലാണ്. കബിലന്‍ എന്ന കഥാപാത്രത്തിനുവേണ്ടി ബോക്‌സിങ് പരിശീലനം ആരംഭിച്ചതിന്റെ വീഡിയോ ആര്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

കൊവിഡ് കാലത്ത് തിയേറ്റര്‍ റിലീസ് നഷ്ടമായ പാ രഞ്ജിത്ത് ചിത്രം ഒടിടിയില്‍ വലിയ സ്വീകാര്യത നേടി. വിക്രം നായകനായ ‘തങ്കലാന്‍’ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. തങ്കലാന്‍ റിലീസിന് ശേഷം സംവിധായകന്‍ സര്‍പട്ട പരമ്പരൈ 2 ഒരുക്കും.

ക്യാപ്റ്റന്‍ മില്ലര്‍ 2

തമിഴ് പിരിയഡ് ആക്ഷന്‍ ഡ്രാമ ‘ക്യാപ്റ്റന്‍ മില്ലര്‍’ 2024 ജനുവരി 12നാണ് തിയേറ്ററുകളിലെത്തിയത്. അരുണ്‍ മതേശ്വരന്‍ സംവിധാനം ചെയ്ത ധനുഷ് ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് രാജ്യത്തുടനീളം ലഭിച്ചത്. ധനുഷിന്റെ ‘പവര്‍ഫുള്‍’ പെര്‍ഫോമന്‍സിനൊപ്പം തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറും ചിത്രത്തില്‍ പ്രധാന താരമായി. രണ്ടാം ഭാഗം ഉറപ്പ് നല്‍കിയാണ് സിനിമ അവസാനിക്കുന്നത്.

അയലാന്‍ 2

ശിവകാര്‍ത്തികേയനെ നായകനാക്കി ആര്‍ രവികുമാര്‍ സംവിധാനം ചെയ്ത ‘അയലാനും’ 2023 ജനുവരി റിലീസ് ആയിരുന്നു. സയന്‍സ് ഫിക്ഷന്‍ ജോണറിലുള്ള ചിത്രത്തില്‍ രകൂല്‍ പ്രീത് സിങ് ആണ് നായിക. ശരത് കേല്‍കര്‍, യോഗി ബാബു, ഭാനുപ്രിയ, കരുണാകരന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അയലാന്‍ 2വും അണിയറയിലാണ്.

വിടുതലൈ 2, ഇന്ത്യന്‍ 2, ഇന്ത്യന്‍ 3 പോലെ ചിത്രീകരണം പൂര്‍ത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ സീക്വലുകളും തമിഴകത്ത് റിലീസിനുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ കൈതി 2, വിക്രം 2 എന്നീ ചിത്രങ്ങളും ആലോചനയിലാണെന്നാണ് സൂചന.

Top