‘തങ്കലാന്‍’; മാളവിക മോഹനന്റെ ഫസ്റ്റ് ലുക്ക് എത്തി

വിക്രം നായകനാക്കുന്ന പുതിയ ചിത്രമാണ് ‘തങ്കലാന്‍’.പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. വന്‍ മേയ്‌ക്കോവറിലാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. ഇപ്പോഴിതാ മാളവിക മോഹനന്റെ ലുക്കാണ് ചിത്രത്തിലേതായി ചര്‍ച്ചകളില്‍ നിറയുന്നത്.’ആരതി’ എന്ന കഥാപാത്രമായിട്ടാണ് മാളവിക ചിത്രത്തില്‍ വേഷമിടുന്നത്. വളരെ പ്രധാനപ്പെട്ട കഥാപാത്രമായിരിക്കും ഇത്.

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘തങ്കലാന്‍’ എന്ന ചിത്രത്തിലേത് ഇതുവരെ താന്‍ ശ്രമിക്കാത്ത ഒരു സംഗീതമാണെന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മുന്‍പ് വ്യക്തമാക്കിയത്.

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

പാര്‍വതി തിരുവോത്തും മാളവിക മോഹനനിനൊപ്പം ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു. ‘തങ്കലാന്‍’ എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ചിയാന്‍ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ ചിത്രം ‘തങ്കലാന്’ എസ് എസ് മൂര്‍ത്തിയാണ് കലാ സംവിധാനം നിര്‍വഹിക്കുന്നത്.

Top