താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്കെതിരെ കോടതിയലക്ഷ്യ കേസ്

താമരശ്ശേരി : താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ്. കോടതി ഉത്തരവിട്ട വാഹനം വിട്ടുനല്‍കാന്‍ കാലതാമസം വരുത്തുകയും വാഹനം കേടുവരുത്തുകയും ചെയ്തതിനാണ് നടപടി.

കഴിഞ്ഞ സെപ്റ്റംബര്‍ 23 ന് മാനിനെ വേട്ടയാടി കടത്തുകയായിരുന്ന സംഘത്തെ വനപാലകര്‍ പിടികൂടിയിരുന്നു. സംഭവത്തില്‍ മുക്കം കൂറപ്പൊയില്‍ സ്വദേശി കെ.പി ജിതീഷിനെ അറസ്റ്റ് ചെയ്തിരുന്നു. ജീതീഷിന്റെ ബുള്ളറ്റ് സംഭവ സ്ഥലത്ത് നിന്നും വനപാലകര്‍ ഒരാഴ്ച കഴിഞ്ഞ് കസ്റ്റഡിയിലെടുത്തു. ജാമ്യം ലഭിച്ച ജീതീഷ് ബുള്ളറ്റ് വിട്ടുകിട്ടാനായി കോടതിയെ സമീപിച്ചു. താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി വണ്ടി വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടിരുന്നു.

എന്നാല്‍ വാഹനം വിട്ടുനില്‍കേണ്ടതില്ലെന്നായിരുന്നു ഡി.എഫ്.ഒയുടെ നിര്‍ദ്ദേശം. ഇതിന്നെതിരെ ജിതീഷ് വീണ്ടും കോടതിയെ സമീപിച്ചു. കോടതി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ വിളിച്ചു വരുത്തി വാഹനം വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. വാഹനം കോടതിയില്‍ ഹാജറാക്കിയപ്പോള്‍ എഞ്ചിനു മുകളില്‍ ഉപ്പ് കണ്ടെത്തിയെന്നുകാണിച്ച് ജിതീഷ് വീണ്ടും കോടതി സമീപിച്ചു.

കോടതിയുടെ നിര്‍ദ്ദേശപ്രകാരം അസിസ്റ്റന്റ് മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വാഹനം പരിശോധിച്ച് എഞ്ചിനുള്ളില്‍ ഉപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ക്കെതിരെ താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Top