ഉപഗ്രഹ സര്‍വേ മാപ്പ് പിന്‍വലിക്കണമെന്ന് താമരശേരി ബിഷപ്പ്

കോഴിക്കോട്: ബഫർ സോൺ സംബന്ധിച്ച് സർക്കാർ പ്രസിദ്ധികരിച്ച ഉപഗ്രഹമാപ്പ് പിൻവലിക്കണമെന്ന് താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ. സർവെ അബദ്ധജഡിലമാണെന്നും, രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിച്ച് വിഷയത്തെ പറ്റി പഠിക്കണമെന്നും താമരശേരി ബിഷപ്പ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സർക്കാർ പ്രസിദ്ധികരിച്ച ഉപഗ്രഹമാപ്പ് പിൻവലിക്കുകയും പഞ്ചായത്തുകളുടെ സഹായത്തോടെ സർവെ നടത്തി കർഷകരെ ഒരുവിധത്തിലും ബാധിക്കാത്ത വിധത്തിൽ ബഫർ സോണിന്റെ അതിർത്തി നിശ്ചയിക്കണമെന്നും ബിഷപ്പ് പറഞ്ഞു. സർക്കാരിന് ഇത് ചെയ്യാവുന്നതേയുള്ളു. നിരവധി തവണ ഈ കമ്മറ്റി സർക്കാരിന്റെ ശ്രദ്ധയിലേക്ക് ഇക്കാര്യം കൊണ്ടുവന്നിട്ടുണ്ട്.. അബദ്ധജഡിലവും ആർക്കും മനസിലാകാത്തതുമായ ഒരു ഉപഗ്രഹമാപ്പാണ് പ്രസിദ്ധികരിച്ചത്. ഉപഗ്രഹമാപ്പ് പ്രസിദ്ധീകരിച്ചവർക്ക് മാപ്പുകൊടുക്കാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുടെ വേദന മനസിലാക്കാതെയാണ് മാപ്പ് ഉണ്ടാക്കിയത്. എത്രയും വേഗം ഉപഗ്രഹമാപ്പ് പിൻവലിക്കണം. സുപ്രീം കോടതി നൽകിയിരിക്കുന്ന ഈ അവസരം ഉപയോഗിച്ച് കേരള സർക്കാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താതെ രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിച്ച് അവരുടെ നേതൃത്വത്തിൽ കാര്യങ്ങൾ നടത്തണം. അതീജീവനത്തിനുള്ള അവകാശം മലയോര കർഷകർക്ക് ഉണ്ട്. അത് നിഷേധിക്കാൻ ആർക്കും കഴിയില്ല. സാമൂഹികാഘാത പഠനം നടത്താൻ ഒരു കമ്മറ്റിയെ നിയോഗിക്കണം. ഇതിനാവശ്യമായ സാവാകാശം സർക്കാർ സുപ്രീം കോടതിയിൽ നിന്ന് വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ ചക്കിട്ടപ്പാറ പഞ്ചായത്തിലെ കർഷകരെയാണ് ഉപഗ്രഹമാപ്പ് കാര്യമായി ബാധിക്കുക. സർക്കാർ നയത്തിനെതിരെ നാളെ കൂരാച്ചുണ്ടിൽ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Top