thalayolaparambu-murder case

കോട്ടയം: തലയോലപ്പറമ്പ് പള്ളിക്കവലയ്ക്കു സമീപം മനുഷ്യന്റെതിനു സമാനമായ അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെടുത്തു.

ഒമ്പതു വര്‍ഷം മുമ്പു കൊലചെയ്യപ്പെട്ട മാത്യുവിന്റെ മൃതദേഹാവശിഷ്ടങ്ങളാണ് ഇതെന്നു സംശയം. പൊലീസ് സ്ഥലത്തെത്തി. ഇവ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

ഷോപ്പിംഗ് കോംപ്ലക്‌സിനുള്ളിലെ തറ കുഴിച്ചുള്ള പരിശോധന തുടരുന്നതിനിടെയാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് അസ്ഥികള്‍ കിട്ടിയത്. ശാസ്ത്രീയ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇവ മനുഷ്യന്റേതാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു.

അതു കഴിഞ്ഞാല്‍ മാത്യുവിന്റേതാണോ എന്ന് ഉറപ്പിക്കാന്‍ ഡി. എന്‍. എ ടെസ്റ്റ് നടത്താനാണ് നീക്കം, സ്വകാര്യ പണമിടപാടുകാരനായ മാത്യുവിനെ എട്ടു വര്‍ഷം മുമ്പ് കൊന്ന് കുഴിച്ചു മൂടി എന്ന പ്രതി അനീഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കെട്ടിടം കുഴിച്ച് പരിശോധന തുടങ്ങിയത്.

നിലവിലെ പഴയ കെട്ടിടം പൊളിച്ചാണ് ഷോപ്പിംഗ് കോംപ്ലക്‌സ് പണിതത്. സംഭവം ദിവസം രാത്രി മാത്യു അനീഷിന്റെ കടയില്‍ എത്തിയിരുന്നു. സാമ്പത്തിക ഇടപാടിനെ ചൊല്ലി നടന്ന വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതി മാത്യുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.

മൃതദേഹംകടയുടെ പിന്നില്‍ കുഴിയെടുത്തു അതിലിട്ട് മൂടി. കുഴിയെടുത്തത് മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ പേപ്പറുകള്‍ ജഡം മറച്ച കുഴിയ്ക്ക് മുകളില്‍ വിതറി.പിന്നീട് തന്റെ സുഹൃത്തായ മാത്യു വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നാട്ടില്‍ പറഞ്ഞ് പരത്തി.

മാത്യു നാട് വിട്ടതാണെന്നും ഇയാള്‍ ചിലരോട് പറഞ്ഞതായിയും പൊലീസ് പറയുന്നു. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് പറയുന്നുണ്ടെങ്കിലും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടൊയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

Top