തലശ്ശേരി ഫസല്‍ വധക്കേസ്; തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സിബിഐ പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ അബ്ദുല്‍ സത്താറാണ് കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.

ഇരിങ്ങാലക്കുട സ്വദേശിയായ ആര്‍എസ്എസ് പ്രചാരകന്‍ ഉള്‍പ്പെടെയുളളവര്‍ തലശ്ശേരിയില്‍ വച്ച് ഫസലിനെ കൊലപ്പെടുത്തി എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ വെളിപ്പെടുത്തല്‍. വര്‍ഷങ്ങളായി സിപിഎമ്മിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ രാഷ്ട്രീയ കൊലപാതക കേസായിരുന്നു തലശേരിയിലെ ഫസല്‍ വധം. 2006 ഒക്റ്റോബര്‍ 22നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുളള എതിര്‍പ്പ് മൂലമാണ് കൊലപാതകമെന്നായിരുന്നു ആരോപണം.

കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജനും ഏരിയാ കമ്മിറ്റി അംഗം കാരായി ചന്ദ്രശേഖരനുമടക്കം എട്ട് പ്രതികളെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. എന്നാല്‍ സിപിഎമ്മിന് കേസില്‍ ബന്ധമില്ലെന്നും താനടക്കം നാല് ആര്‍എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്നുമാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ കുറ്റസമ്മത മൊഴിയിലുള്ളത്.

Top