thalashery issue; sudheeran statement

കണ്ണൂര്‍: തലശ്ശേരിയില്‍ ദളിത് പെണ്‍ക്കുട്ടികള്‍ക്ക് നേരെ നടന്നത് കാട്ടുനീതിയെന്ന് കെപിസിസി പ്രസിഡന്റ് വിഎംസുധീരന്‍.

പൊലീസിന്റെയും സര്‍ക്കാരിന്റെയും കള്ളക്കഥകള്‍ വിശ്വസിക്കുന്നില്ലെന്നും സംഭവം കേരളത്തിന് തന്നെ അപമാനമെന്ന് സുധീരന്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ചു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തലശ്ശേരി പൊലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി.

കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ദലിത് കോണ്‍ഗ്രസ് നേതാവുമായ എന്‍ രാജന്റെ മക്കളായ കുനിയില്‍ വീട്ടില്‍ അഖില(30), അഞ്ജന(25) എന്നിവരെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കോടതിയില്‍ ഹാജരാക്കിയ ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു. അഖില ഒന്നര വയസുള്ള കൈക്കുഞ്ഞിനൊപ്പമാണ് ജയിലിലേക്ക് പോയത്.

നിരന്തരമായി ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും രാജനെ നിരന്തരം മര്‍ദ്ദിക്കുകയും ചെയ്യുന്നതിനെ കുറിച്ച് ചോദിക്കാന്‍ ചെന്ന രണ്ട് പെണ്‍കുട്ടികള്‍ സിപിഐഎം ഓഫീസിനകത്തു കയറി പാര്‍ട്ട് പ്രവര്‍ത്തകന്‍ ഷിജിനെ മര്‍ദ്ദിച്ചുവെന്നാണ് പരാതി.

ഈ സംഭവത്തിന് ശേഷം ഇവരുടെ വീടിനും കാറിനുംനേരെ ആക്രമണം ഉണ്ടാവുകയും രാജനേയും പെണ്‍മക്കളേയും സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തതായി പരാതിയുണ്ടായിരുന്നു.

സംഭവത്തില്‍ മൂന്ന് സിപിഐഎം പ്രവര്‍ത്തകര്‍ പട്ടികജാതി,പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം അറസ്റ്റിലായിരുന്നു.

Top