നിരപരാധിത്വം തെളിയിച്ച് ദളപതി, അപരാധിയായത് കേന്ദ്ര സർക്കാർ . . .

ഒടുവിലിപ്പോള്‍ ആ ക്ലൈമാക്‌സും പുറത്തായിരിക്കുകയാണ്.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ദളപതി വിജയ് യെ ആദായ നികുതി വകുപ്പു തന്നെയാണ് കുറ്റവിമുക്തമാക്കിയിരിക്കുന്നത്.

വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലന്നാണ് അവരിപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.പിന്നെ എന്തിനായിരുന്നു കസ്റ്റഡിയും റെയ്ഡുമൊക്കെ എന്നതിന് കുടി അധികൃതര്‍ ഇനി മറുപടി പറയണം.

ദളപതിയുടെ ഇമേജ് തകര്‍ക്കാന്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ് റെയ് ഡെന്ന വാദത്തെ, ശരിവയ്ക്കുന്നതാണ് ഈ കുറ്റവിമുക്തമാക്കല്‍.

അതിന് അവര്‍ തിരഞ്ഞെടുത്ത സമയവും പ്രത്യേകം ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.

കൊറോണ വൈറസ് ഭീതിയില്‍ രാജ്യം ഭയന്ന് നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.മാധ്യമങ്ങളും ഈ വാര്‍ത്തകള്‍ക്ക് പിന്നാലെയാണുള്ളത്. അന്തി ചര്‍ച്ചകളിലെ വിഭവങ്ങളും ഇപ്പോള്‍ കൊറോണ തന്നെയാണ്.

ദളപതിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സംഭവം ചര്‍ച്ചയാവാതിരിക്കാന്‍ ഇതില്‍പരം മറ്റൊരു സന്ദര്‍ഭവുമില്ല. അതാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും നിലവില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

ദളപതിക്കെതിരായ റെയ്ഡ് തന്നെ അസാധാരണമായ രീതിയിലാണ് നടത്തിയിരുന്നത്. നെയ് വേലിയിലെ ഷൂട്ടിങ്ങ് സ്ഥലത്ത് വച്ചാണ് താരത്തെ കസ്റ്റഡിയിലെടുത്തിരുന്നത്.വീട്ടില്‍ എത്തിച്ച താരത്തെ രണ്ട് ദിവസമാണ് ഉറങ്ങാന്‍ പോലും സമ്മതിക്കാതെ ചോദ്യം ചെയ്തിരുന്നത്.

നോട്ടീസ് നല്‍കി വിളിപ്പിക്കുന്നതിനു പകരം ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചിരുന്നു.

ബിഗില്‍, മാസ്റ്റര്‍ സിനിമകളുടെ പ്രതിഫല നികുതിയില്‍ വെട്ടിപ്പ് നടത്തിയെന്നാരോപിച്ചായിരുന്നു റെയ്ഡ്.

റെയ്ഡിനു ശേഷം വിജയ് യുടെ വീട്ടിലെ ഏതാനും റൂമുകളും ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തിരുന്നു. ഈ മുറികളും ഇപ്പോള്‍ തുറന്നുകൊടുത്തിട്ടുണ്ട്.

വിജയ് ഒരു വെട്ടിപ്പും നടത്തിയിട്ടില്ലന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.നികുതി കൃത്യമായി അദ്ദേഹം അടച്ചതായാണ് ഔദ്യോഗിക വിശദീകരണം.

മാസ്റ്റര്‍ സിനിമയുടെ ഓഡിയോ ലോഞ്ചിന് മുന്‍പാണ് ഈ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്.

അതേസമയം വിജയ് സിനിമകള്‍ക്ക് വേണ്ടി കൈപ്പറ്റിയ പ്രതിഫലത്തിന്റെ വിവരങ്ങള്‍ പുറത്ത് വിട്ട് നടി ഖുശ്ബു രംഗത്തെത്തിയിട്ടുണ്ട്. ആദായനികുതി വകുപ്പ് വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് താരത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ ഖുശ്ബു രംഗത്തെത്തിയത്. നികുതി അടയ്ക്കുന്ന കാര്യത്തില്‍ വിജയ് യാതൊരു വെട്ടിപ്പും നടത്തിയിട്ടില്ലെന്ന് കണക്കുകള്‍ പുറത്തുവിട്ടാണ് ഖുശ്ബു വ്യക്തമാക്കിയിരിക്കുന്നത്.

ബിഗില്‍ എന്ന ചിത്രത്തിന് വിജയ് 50 കോടിയാണ് പ്രതിഫലം വാങ്ങിയിരിക്കുന്നത്. ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന് 80 കോടിയും വിജയ് പ്രതിഫലം വാങ്ങിയിട്ടുണ്ട്. ഇതിനെല്ലാം കൃത്യമായ നികുതിയും അടച്ചിട്ടുണ്ട്. ഇക്കാര്യങ്ങളാണ് തെളിവുകള്‍ സഹിതം ഖുശ്ബു പുറത്തുവിട്ടിരിക്കുന്നത്.

ഇതോടെ ദളപതിയുടെ, ഇമേജാണിപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരാധകരും വലിയ ആവേശത്തിലാണ്.

വിജയ് ഓഡിയോ ലോഞ്ചില്‍ നടത്തുന്ന പ്രസംഗത്തെ രാഷ്ട്രീയ നേതാക്കളും ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ആ വാക്കുകള്‍ക്ക് അത്രമാത്രം പ്രാധാന്യമാണ് തമിഴകം നല്‍കുന്നത്.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ കണ്ണിലെ പ്രധാന കരടും ഈ സൂപ്പര്‍ സ്റ്റാറാണ്.

രാഷ്ട്രീയത്തെ സിനിമാ താരങ്ങള്‍ സ്വാധീനിക്കുന്ന സംസ്ഥാനത്ത്, വിജയ് യുടെ നിലപാടുകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമാണുള്ളത്. അതു തന്നെയാണ് സംസ്ഥാന – കേന്ദ്ര സര്‍ക്കാറുകളെ ആശങ്കയിലാഴ്ത്തുന്നത്.

വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയാലും ഇല്ലങ്കിലും അദ്ദേഹത്തിന്റെ നിലപാടുകള്‍ ഭരണകൂടത്തിന് എതിരാണ്. ഭരണകൂടങ്ങളുടെ തിന്മകള്‍ക്കെതിരെ നിരന്തരം കലഹിക്കുന്ന താരം കൂടിയാണ് വിജയ്.

തന്റെ സിനിമകളിലൂടെയും ഓഡിയോ ലോഞ്ചുകളിലൂടെയുമാണ് ഇത്തരം വിമര്‍ശനങ്ങള്‍ ദളപതി നടത്താറുള്ളത്. ഇന്ന് തമിഴകത്ത് ഏറ്റവും അധികം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന താരവും വിജയ് തന്നെയാണ്.

അതുകൊണ്ടാണ് അദ്ദേഹത്തിന്റെ നാവിനെ ഭരണകൂടങ്ങളും ഏറെ ഭയപ്പെടുന്നത്.

കത്തി, മെര്‍സല്‍ , സര്‍ക്കാര്‍ തുടങ്ങി അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ രൂക്ഷ വിമര്‍ശനമാണ് വിജയ് നടത്തിയിരുന്നത്.

ബി.ജെ.പിയെയും അണ്ണാ ഡി.എം.കെയെയും ചുട്ടുപൊള്ളിക്കുന്നതായിരുന്നു ദളപതിയുടെ ഈ വാക്കുകള്‍. ദേശീയ മാധ്യമങ്ങളിലും ഇതു സംബന്ധമായി ചൂടുള്ള ചര്‍ച്ചകളാണ് നടന്നിരുന്നത്.

96 ല്‍ രജനികാന്ത് ചെയ്തതുപോലെ വിജയ് ഇത്തവണ ഒരു നിലപാട് പ്രഖ്യാപിക്കുമെന്നാണ് ബി.ജെ.പിയും അണ്ണാ ഡി.എം.കെയും ഭയക്കുന്നത്.

പ്രതിപക്ഷത്തിന് ഗുണകരമാകുന്ന അത്തരം ഒരു നിലപാട് ഒഴിവാക്കാനാണ് ഇമേജ് ‘തകര്‍ക്കാന്‍’
ലക്ഷ്യമിട്ടിരുന്നത്. അതിനായിരുന്നു ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. എന്നാല്‍ ആ കരു നീക്കമാണിപ്പോള്‍ പൊളിഞ്ഞടുങ്ങിയിരിക്കുന്നത്.

റെയ്ഡിന് ശേഷം ഷൂട്ടിങ്ങിനായി എത്തിയ ദളപതിക്ക് സംരക്ഷണം ഒരുക്കിയതും ആയിരങ്ങളാണ്.

ഒറ്റ സെല്‍ഫിയിലൂടെയാണ് തന്റെ ഈ ആരാധക കരുത്ത് പുറം ലോകത്തെ വിജയ് അറിയിച്ചിരുന്നത്.

നെയ് വേലിയില്‍ മാത്രം മിനുട്ടുകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ എത്തിയത് ഭരണപക്ഷത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. ഈ അവസ്ഥയില്‍ വിജയ് ഒരു സംസ്ഥാന പര്യടനം നടത്തിയാലുള്ള അവസ്ഥ അവര്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. ലേറ്റായാലും ലേറ്റസ്റ്റായി തന്നെ ദളപതി രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരും ഇപ്പോള്‍ കരുതുന്നത്.

Staff Reporter

Top