തലൈവര്‍ 170 ആരംഭിക്കുന്നു; രജനി തലസ്ഥാനത്തെത്തി

തിരുവനന്തപുരം: പുതിയ സിനിമയായ ‘തലൈവര്‍ 170’ന്റെ ചിത്രീകരണത്തിനായ് നടന്‍ രജനീകാന്ത് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ഇനി 10 ദിവസം തിരുവനന്തപുരത്തുണ്ടാകും. ജയ് ഭീം സംവിധായകന്‍ ജ്ഞാനവേല്‍ ഒരുക്കുന്ന തലൈവര്‍ 170. ലൈക്ക പ്രൊഡക്ഷന്‍സാണ് രജനി ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി എന്നിവരും ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അമിതാഭ് ബച്ചന്‍ ഒഴികെയുള്ളവര്‍ തിരുവനന്തപുരത്തെത്തും.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആരൊക്കെയാണെന്നതിലുള്ള ഔദ്യോഗിക പ്രഖ്യാപനം ലൈക പ്രൊഡക്ഷന്‍സ് കഴിഞ്ഞ ദിവസമാണ് നടത്തിയത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. മഞ്ജു രജനിക്കൊപ്പം അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. അസുരന്‍ എന്ന ചിത്രത്തില്‍ ധനുഷിനൊപ്പവും തുനിവ് എന്ന സിനിമയില്‍ അജിത്തിനൊപ്പവും മഞ്ജു അഭിനയിച്ചിട്ടുണ്ട്. അതേ സമയം ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ഫഹദ് പ്രധാന വേഷത്തില്‍ എത്തും എന്ന് സൂചനകളുണ്ട്.

Top