10 ലക്ഷം കഞ്ചാവുചെടികൾ ജനങ്ങൾക്ക് വിതരണം ചെയ്ത് തായ്‌ലാൻഡ്

തായ്‌ലാൻഡിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയതിന് പിന്നാലെ 10 ലക്ഷം കഞ്ചാവുചെടികൾ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി തായ്‌ലാൻഡ് ഭരണകൂടം വ്യക്താക്കി. അടുത്ത മാസം മുതൽ കഞ്ചാവ് ചെടി വിതരണം ആരംഭിക്കും. വീട്ടിൽ ഉൾപ്പടെ കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളാണ് തായ്‌ലാൻഡ് എടുത്തുകളഞ്ഞത്.

തായ്‌ലാൻഡിൽ ഏറെപേരും കഞ്ചാവുകൃഷി ചെയ്യുന്നവരാണ്. കഞ്ചാവിനെ നാണ്യവിളയായി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ തായ്‌ലാൻഡിൽ നടക്കുന്നത്. കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യൻ രാജ്യമാണ് തായ്‌ലാൻഡ്. കൃഷിയേയും ടൂറിസത്തേയും പ്രോൽസാഹിപ്പിക്കുന്നതിനായാണ് കഞ്ചാവ് നിയമവിധേയമാക്കിയത് .

ഗാർഹിക വിളകൾ പോലെ കഞ്ചാവ് ചെടികൾ വളർത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിൻ ചർൺവിരാകുൽ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യണമെന്ന ആവശ്യവുമായി രം​ഗത്തെത്തിയവരിൽ പ്രമുഖനാണ് മന്ത്രി അനുതിൻ ചർൺവിരാകുൽ. തായ്‌ലാൻഡിലെ താമസക്കാർക്ക് സ്വന്തം ഉപയോ​ഗത്തിനോ ചെറുകിട വാണിജ്യ സംരംഭത്തിന്റെ ഭാഗമായോ കഞ്ചാവ് കൃഷി നടത്താം.ഇപ്പോഴും കഞ്ചാവിന്റെ വൻകിട ബിസിനസുകൾക്ക് സർക്കാർ അനുമതി ആവശ്യമാണ്.

മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് വീട്ടിൽ വളർത്തുന്നതുവഴി ഓരോ വർഷവും നൂറുകണക്കിന് മില്ല്യൺ ഡോളർ സമ്പാദിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനും മെഡിക്കൽ ടൂറിസം ശക്തിപ്പെടുത്താനും ഇതുവഴി സാധിക്കും.

Top