ഗുഹയില്‍ നിന്നും രണ്ടു കുട്ടികളെ കൂടി പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

thailand

ബാങ്കോക്ക്: തായ്‌ലാന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ രണ്ടു കുട്ടികളെ കൂടി രക്ഷപ്പെടുത്തി. ഇനി പുറത്തെത്തിക്കാനുള്ളത് 2 കുട്ടികളെയും കോച്ചിനേയുമാണ്. 10 കുട്ടികളെയാണ് രക്ഷാപ്രവര്‍ത്തകര്‍ ഇത് വരെ പുറത്തെത്തിച്ചത്.

മൂന്നാം ഘട്ട രക്ഷാപ്രവര്‍ത്തനമാണ് ഇന്ന് നടന്നത്. രണ്ടാംദിവസമായിരുന്ന തിങ്കളാഴ്ച നാല് കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.

മൂന്നാം ദിവസത്തെ അനുകൂല കാലാവസ്ഥ പരാമാവധി മുതലാക്കുവാനാണ് രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ ഗുഹയ്ക്കുള്ളിലെ ശക്തമായ അടിയൊഴുക്ക് ഇതിനു വെല്ലുവിളിയാകുന്നുണ്ട്.

എന്നാല്‍ ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്‌സുക്ക് അറിയിച്ചു. കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇവര്‍ക്ക് രക്തപരിശോധന നടത്തിയിരുന്നു. ഇതില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു കുട്ടികള്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കി. എട്ടുപേരുടെയും എക്‌സറേ പരിശോധിച്ചിട്ടുണ്ട്.

ജൂണ്‍ 23നായിരുന്നു ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്.

Top