തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനത്തെ പിന്തുണച്ച് ബൈഡൻ ഭരണകൂടം

വാഷിംഗ്ടൺ : മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള രാജ്യത്തിന്റെ ആവശ്യത്തെ പിന്തുണച്ച് ബൈഡൻ ഭരണകൂടം. യുഎസ് അസിസ്റ്റന്റ് അറ്റോർണി ജോൺ ജെ. ലുലെജിയനാണ് ലോസ് ആഞ്ജലിസിലെ ജില്ലാ കോടതിയിൽ ഇക്കാര്യം അറിയിച്ചത്. പാക് ഭീകരെ രാജ്യത്തിന് കൈമാറുന്നത് സംബന്ധിച്ചുള്ള കേസ് ജൂൺ 24 ന് പരിഗണിക്കും.

യുഎസും ഇന്ത്യയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ കരാർ പ്രകാരം റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ ഇന്ത്യ ഔദ്യോഗികമായി അപേക്ഷിച്ചതായി യു എസ് അറ്റോർണി അറിയിച്ചു. റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചതായും അദ്ദേഹം വ്യക്തമാക്കി. റാണയെ ഇന്ത്യയ്ക്ക് കൈമാറാനായി യുഎസ് സർക്കാർ ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നതായും ഇത് സംബന്ധിച്ച് എല്ലാ തെളിവുകളും നേരത്തെ സമർപ്പിച്ചതായും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കർ ഇ ത്വായ്ബ ഭീകരനുമായ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ സുഹൃത്താണ് റാണ. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് ഹെഡ്ലി നിലവിൽ യുഎസിൽ 35 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.

Top