ഷിന്ദേ സര്‍ക്കാരിനെതിരേ പുതിയ ഹര്‍ജിയുമായി താക്കറെ സുപ്രീംകോടതിയില്‍

ക്‌നാഥ് ഷിന്ദേയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യംചെയ്ത് ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം. ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ സുഭാഷ് ദേശായി സുപ്രീംകോടതിയിൽ ഹര്‍ജി ഫയല്‍ ചെയ്തത്. 16 വിമത എം.എല്‍.എ.മാരെ അയോഗ്യരാക്കാനുള്ള നടപടികള്‍ നടക്കുന്നതിനിടെ വിശ്വാസവോട്ടെടുപ്പ് നടത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താക്കറെ വിഭാഗം കോടതിയെ സമീപിച്ചിരിക്കുന്നത്. തിങ്കളാഴ്ച നടത്തിയ നിയമസഭ നടപടികളും വിശ്വാസവോട്ടെടുപ്പും ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നുണ്ട്. ഹര്‍ജി ജൂലായ് 11-ന് പരിഗണിക്കും. അതേസമയം അയോഗ്യതാഭീഷണി നേരിടുന്ന 16 വിമത എം.എല്‍.എമാര്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്നാണ് ഹര്‍ജിയിലെ വാദം. എം.എല്‍.എ.മാരെ അയോഗ്യരാക്കുന്നത് സംബന്ധിച്ച് നേരത്തെ നല്‍കിയ ഹര്‍ജിയും ജൂലായ് 11-ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്.

Top