Thachankary removed as transport commissioner; Warning for rishiraj singh ?

തിരുവനന്തപുരം: സ്വന്തം വകുപ്പ് മന്ത്രിക്ക് പോലും തലവേദനയായ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയുടെ സ്ഥലം മാറ്റം എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനുള്ള മുന്നറിയിപ്പ്.

ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ മന്ത്രി അറിയാതെ തീരുമാനമെടുക്കുന്നു എന്ന കുറ്റമാണ് തച്ചങ്കരിക്ക് വിനയായിരുന്നതെങ്കില്‍ ഇതിന് സമാനമായ പരാതിയാണ് ഋഷിരാജ് സിങ്ങിനെതിരെയുമുള്ളത്.

14 സെക്കന്റ് ഒരു സ്ത്രീയെ നോക്കി നിന്നാല്‍ കേസെടുത്ത് ജയിലിലടക്കണമെന്ന ഋഷിരാജ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.

വകുപ്പ് മന്ത്രിയായ ടി പി രാമകൃഷ്ണന്‍ എക്‌സൈസ് വകുപ്പിലെ കാര്യങ്ങള്‍ പോലും അറിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിഹസിച്ചിരുന്നു.

പൊതുസമൂഹത്തിനിടയില്‍ കയ്യടി കിട്ടുന്ന പല തീരുമാനങ്ങളും നേരത്തെ ഈ രണ്ട് ഉദ്യോഗസ്ഥരും എടുത്തിരുന്നെങ്കിലും അടുത്ത കാലത്ത് നടന്ന ചില വിവാദങ്ങളാണ് തച്ചങ്കരിയെ തെറിപ്പിക്കുന്നതിന് കാരണമായത്. സമാന അവസ്ഥയില്‍ തന്നെയാണ് ഋഷിരാജ് സിങ്ങും.

ഇതില്‍ പ്രധാനമാണ് മോട്ടോര്‍ വാഹന വകുപ്പില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ തച്ചങ്കരി നല്‍കിയ കത്ത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അടുത്തയിടെ നടത്തിയ എംവിഐ, എഎംവിഐ സ്ഥലമാറ്റങ്ങളില്‍ എന്‍സിപി നേതൃത്വത്തിനുള്ള അതൃപ്തിയും സ്ഥലം മാറ്റത്തിനുള്ള കാരണമാണ്.

വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ തച്ചങ്കരിക്കെതിരെ ശശീന്ദ്രന്‍ പരാമര്‍ശം നടത്തിയത് തന്നെ എന്‍സിപി നേതൃത്വത്തിന്റെ കര്‍ക്കശ നിലപാടിന്റെ ഭാഗമായിരുന്നു.

ഋഷിരാജ് സിങ്ങ് വണ്‍മാന്‍ ഷോ ആയി പോവാനാണ് ഇനിയും തീരുമാനിക്കുന്നതെങ്കില്‍ അദ്ദേഹത്തെയും മാറ്റുമെന്നാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

Top