‘ന്നാ താൻ കേസ് കൊട്’: ‘ദേവദൂതർ പാടി’… ഗാനത്തിന് ചുവടുവച്ച് ചാക്കോച്ചൻ

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയുന്ന ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. ഒ എൻ വി കുറുപ്പിന്റെ രചനയ്ക്ക് ഔസേപ്പച്ചൻ സംഗീതം നൽകി യേശുദാസ് പാടിയ ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതർ പാടി’ എന്ന ഗാനം 37 വർഷങ്ങൾക്ക് ശേഷം ഈ ചിത്രത്തിലൂടെ പുനരാവിഷ്കരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽമീഡിയ ഹാൻഡ്‌ലിലൂടെ ഗാനം പുറത്തുവിട്ടു. ബിജു നാരായണനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആഗസ്റ്റ്‌ 12 ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം ചാക്കോച്ചന്റെ കരിയറിലെ ബിഗ്‌ ബജറ്റ് ചിത്രമാണ്‌. ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക. ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. കാസർകോഡൻ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

എസ്. ടി. കെ ഫ്രെയിംസിൻ്റെ ബാനറിൽ പ്രശസ്ത നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.

Top