testlea model 3 cars launch india

ന്യൂഡല്‍ഹി: വിപണിയിലെത്തും മുമ്പേ വാഹന പ്രേമികളുടെ മനസ് കീഴടക്കിയ ടെസ്‌ലയുടെ ‘മോഡല്‍ 3’ കാറിന് ഒരാഴ്ചയ്ക്കകം ലഭിച്ചത് മൂന്ന് ലക്ഷത്തിലേറെ ബുക്കിംഗ്. അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ല ഒരുക്കുന്ന മോഡല്‍ 3 ആഗോള വിപണികള്‍ക്കൊപ്പം ഇന്ത്യയിലും തരംഗം സൃഷ്ടിക്കുമെന്ന് കമ്പനിയുടെ സ്ഥാപക സി.ഇ.ഒ എലോണ്‍ മസ്‌ക് മറഞ്ഞു. 2017ലേ മോഡല്‍ 3യുടെ നിര്‍മ്മാണം ആരംഭിക്കൂ. 2018ഓടെ വിപണിയിലെത്തും.
കഴിഞ്ഞവാരമാണ് ടെസ്‌ല മോഡല്‍ 3യെ പരിചയപ്പെടുത്തിയത്. 35,000 ഡോളര്‍ (24 ലക്ഷം രൂപ) എന്ന ആകര്‍ഷകമായ വിലയാണ് മോഡല്‍ 3യ്ക്ക് വന്‍ സ്വീകാര്യത നല്‍കുന്നത്. 1,000 ഡോളര്‍ നല്‍കി ബുക്ക് ചെയ്യാം. ഒരാള്‍ക്ക് പരമാവധി രണ്ടെണ്ണം. ഇന്ത്യയിലും മികച്ച വില്പനയാണ് പ്രതീക്ഷിക്കുന്നതെന്ന് എലോണ്‍ മസ്‌ക് പറഞ്ഞു. ഇറക്കുമതി നികുതി കൂടി ചേരുമ്പോള്‍ ഇന്ത്യയില്‍ വില വര്‍ദ്ധിക്കും. മോഡല്‍ 3യുടെ ബാറ്ററി ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ പരമാവധി 346 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാം. സൂപ്പര്‍ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് സൗകര്യവും ടെസ്‌ല ഇന്ത്യയിലൊരുക്കും. ഇവിടെ സൗജന്യമായി ബാറ്ററി ഒരു മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാം.

ഔഡി എ4ന്റെ മാത്രം വലിപ്പമുള്ള ഇലക്ട്രിക് പ്രീമിയം സെഡാനായ മോഡല്‍ 3യ്ക്ക് ഓള്‍വീല്‍ ഡ്രൈവ്, റിയര്‍വീല്‍ ഡ്രൈവ് ഡ്യുവല്‍ മോട്ടോര്‍ ഓപ്ഷനുകളുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ആറ് സെക്കന്‍ഡ് മതി. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. ഏറെ വിശാലമാണ് അകത്തളം. പിന്‍സീറ്ര് മടക്കിവച്ചാല്‍ കൂടുതല്‍ ലഗേജ് സ്‌പേസ് ലഭിക്കും. വലിയ ടച്ച് സ്‌ക്രീന്‍ സംവിധാനമുള്‍പ്പെടുന്ന ആധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമുണ്ട്. യാത്രികരുടെ സുരക്ഷയ്ക്കും മോഡല്‍ 3 ഏറെ മുന്‍തൂക്കം നല്‍കുന്നു.

Top