ടെസ്റ്റ് പരമ്പര; പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ഇംഗ്ലണ്ടിലെത്തി

ലണ്ടന്‍ : പരിക്കേറ്റ താരങ്ങള്‍ക്ക് പകരമായി ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയ പൃഥ്വി ഷായും സൂര്യകുമാര്‍ യാദവും ഇംഗ്ലണ്ടിലെത്തി. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരും ലണ്ടനില്‍ എത്തിച്ചേര്‍ന്നത്. ക്വാറന്റൈനില്‍ പ്രവേശിച്ച താരങ്ങള്‍ മൂന്നാമത്തെ ടെസ്റ്റ് മുതല്‍ ടീമില്‍ ഉള്‍പ്പെടാനാണ് സാധ്യത.

ടെസ്റ്റ് പരമ്പര തുടങ്ങുന്നതിന് മുന്‍പേ തന്നെ നാല് ഇന്ത്യന്‍ താരങ്ങളാണ് പരിക്കിന്റെ പിടിയിലായത്. ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, ആവേഷ് ഖാന്‍ എന്നിവര്‍ നേരത്തേ തന്നെ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ തലയ്ക്ക് പരിക്കേറ്റ മായങ്ക് അഗര്‍വാളിനും ആദ്യത്തെ ടെസ്റ്റുകള്‍ നഷ്ടമാകും.

പരിക്കേറ്റ താരങ്ങള്‍ക്ക് പകരക്കാരായി ശ്രീലങ്കന്‍ പര്യടനത്തിലായിരുന്ന ഷായെയും, യാദവിനേയും തെരഞ്ഞെടുത്ത സമയത്താണ് ക്രുനാല്‍ പാണ്ഡ്യക്ക് കൊവിഡ് പിടിപെടുന്നത്. ക്രുനാലുമായി അടുത്ത് സമ്പര്‍ക്കം ഉണ്ടായിരുന്നതിനാല്‍ ഇരു താരങ്ങളും ശ്രീലങ്കയില്‍ നിരീക്ഷണത്തിലായിരുന്നു. അതിനാല്‍ തന്നെ ഇവര്‍ ഇംഗ്ലണ്ടിലേക്ക് എത്താന്‍ വൈകും എന്ന ആശങ്ക നിലനിന്നിരുന്നു.

പൃഥ്വി ഷായും സൂര്യകുമാറും പകരക്കാരനായി എത്തിയെങ്കിലും പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. മായങ്ക് അഗര്‍വാളിന് പകരം കെ.എല്‍ രാഹുലാകും രോഹിത്തിനൊപ്പം ഓപ്പണിങ്ങിനിറങ്ങുക. രാഹുല്‍ മികച്ച രീതില്‍ കളിച്ചില്ലെങ്കില്‍ മാത്രമേ പൃഥ്വി ഷായെ പരിഗണിക്കാന്‍ സാധ്യതയുള്ളൂ. എന്നാല്‍ പരിക്ക് ഭേദമായി തിരികെ എത്തിയാല്‍ മായങ്കിനാകും മുഖ്യ പരിഗണന.

 

Top