ജിംനിയുടെ ലോങ് വീല്‍ ബേസ് മോഡലിന്റെ പരീക്ഷണയോട്ടം വൈറല്‍

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളും മാരുതിയുടെ പങ്കാളിയുമായ സുസുക്കിയുടെ ആഗോളതലത്തിലെ ജനപ്രിയ മോഡലാണ് ജിംനി. അന്താരാഷ്ട്ര വിപണികളില്‍ ഏറ്റവും ആവശ്യക്കാരുള്ള, മാരുതി ജിപ്‌സിയുടെ സഹോദരന്‍ കൂടിയായ ഈ കോംപാക്ട് മോഡലിനെ ഇന്ത്യന്‍ വാഹന ലോകം ഏറെക്കാലമായി കൊതിയോടെ കാത്തിരിക്കുന്നു. ദില്ലിയില്‍ 2020ല്‍ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ആണ് ജിപ്‌സിയുടെ പിന്‍ഗാമിയായ ജിംനിയെ മാരുതി സുസുക്കി അവതരിപ്പിച്ചത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മൂന്നു ഡോര്‍ ജിംനിയുടെ കയറ്റുമതിയും കമ്പനി നടത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ നിരത്തുകള്‍ക്ക് ജിംനി ഇപ്പോഴും അപ്രാപ്യമാണ്. ഇന്നുവരും നാളെവരും ജിംനി എന്നും പറഞ്ഞ് വലിയ പ്രതീക്ഷയിലാണ് ഇപ്പോഴും ഇന്ത്യന്‍ വാഹനപ്രേമികള്‍. ഇതേക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ഇതിനകം വന്നു കഴിഞ്ഞു.

പരീക്ഷണയോട്ടം നടത്തുന്ന നിരവധി തവണ വാഹനം നിരവധി തവണ ക്യാമറയില്‍ കുടുങ്ങിയിരുന്നു. ഇപ്പോഴിതാ ജിംനിയുടെ ഫൈവ് ഡോര്‍ മോഡലിന്റെ ലോങ് വീല്‍ ബേസ് പതിപ്പ് പരീക്ഷണയോട്ടത്തിന് ഇറക്കിയിരിക്കുകയാണ് മാരുതി സുസുക്കി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലൈം ഗ്രീന്‍ നിറത്തിലുള്ള ജിംനിയുടെ ലോങ് വീല്‍ബേസ് മോഡല്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂടിക്കെട്ടലുകള്‍ ഇല്ലാതെയാണ് ഈ ജിംനിയുടെ പരീക്ഷണയോട്ടം. ഫൈവ് ഡോര്‍ ലോങ് വീല്‍ബേസ് മോഡലാണെന്ന് ചിത്രത്തില്‍ വ്യക്തമാണ്. എന്നാല്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ ഈ ചിത്രത്തിലെ ജിംനി എവിടെയാണ് എന്നത് വ്യക്തമല്ല. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

Top