അരങ്ങേറ്റ ടെസ്റ്റില്‍ പൃഥ്വി ഷായെ അഭിനന്ദിച്ച് പ്രമുഖ താരങ്ങള്‍

രാജ്‌കോട്ട്:അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ കൗമാര താരം പൃഥ്വി ഷായ്ക്ക് അഭിനന്ദവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ട്വിറ്ററിലൂടെയായിരുന്നു സച്ചിന്‍ പൃഥ്വി ഷായെ അഭിനന്ദിച്ചത്. ആദ്യ ഇന്നിങ്‌സില്‍ തന്നെ ആക്രമിച്ച് കളിക്കുന്നത് കാണാന്‍ സാധിക്കുന്നത് സന്തോഷകരമാണെന്നും ഇതുപോലെ ഭയമില്ലാതെ ബാറ്റ് ചെയ്യണമെന്നും സച്ചിന്‍ ട്വീറ്റില്‍ പറയുന്നു. പിന്നാലെ വിരേന്ദര്‍ സെവാഗും താരത്തിന് അഭിനന്ദനവുമായെത്തി.

ഷാ ഷോ എന്നാണ് വീരു യുവതാരത്തിന്റെ പ്രകടനത്തെ വിശേഷിപ്പിച്ചത്. ഇതൊരു തുടക്കം മാത്രമാണെന്നും ചെക്കന്‍ കൊള്ളാമെന്നും സെവാഗ് പറയുന്നു. പിന്നാലെ മറ്റ് മുന്‍ താരങ്ങളും ഷായെ അഭിനന്ദിച്ച് രംഗത്തെത്തി. ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ, ഹര്‍ഭജന്‍ സിങ്, മുന്‍ താരം മുഹമ്മദ് കൈഫ് തുടങ്ങിയവരും പൃഥ്വിയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ആക്രമണ ശൈലിയില്‍ ബാറ്റ് വീശിയ ഷാ 99 പന്തില്‍നിന്നും 15 ബൗണ്ടറികളടക്കമാണ് സെഞ്ചുറി തികച്ചത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമാണ് പൃഥ്വി ഷാ.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഒരുപിടി റെക്കോര്‍ഡുകളും ഷാ സ്വന്തം പേരില്‍ കുറിച്ചു. ഇന്ത്യക്കായി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷാ. വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റേന്തുമ്പോള്‍ ഷായുടെ പ്രായം 18 വയസ്സും 329 ദിവസവുമാണ്. തന്റെ 17ാം വയസ്സില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ സച്ചില്‍ തെന്‍ഡുല്‍ക്കറാണ് ഈ പട്ടികയില്‍ മുന്നില്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ താരമാണ് ഷാ. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യന്‍ താരവും ഷാ തന്നെ. ടെസ്റ്റ് അരങ്ങേറ്റത്തില്‍ അതിവേഗം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡും ഷായ്ക്കാണ്.

Top