ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനൽ; ഓസീസിന് 296 റൺസ് ലീഡ്, രണ്ടാം ഇന്നിങ്സിൽ 123/4

ലണ്ടൻ : തോൽക്കാതെ രക്ഷപ്പെട്ടേക്കുമെന്ന് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷയുടെ ചെറിയ കണിക നൽകിയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലിന്റെ മൂന്നാം ദിനം അവസാനിച്ചത്. രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെന്ന നിലയിലാണ് മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഓസ്ട്രേലിയ. 296 റൺസിന്റെ ലീഡ്. മാർനസ് ലബുഷെയ്ൻ (118 പന്തിൽ 41*), കാമറൂൺ ഗ്രീൻ (27 പന്തിൽ 7*) എന്നിവരാണ് ക്രീസിൽ.

ഓപ്പണർമാരായ ഡേവിഡ് വാർണർ (8 പന്തിൽ 1), ഉസ്മാൻ ഖവാജ (39 പന്തിൽ 13), ആദ്യ ഇന്നിങ്സിലെ സെഞ്ചറി നേട്ടക്കാരയ സ്റ്റീവൻ സ്മിത്ത് (47 പന്തിൽ 34), ട്രാവിസ് ഹെഡ് (27 പന്തിൽ 18) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്. നാലാം ദിനത്തിൽ അവേശിക്കുന്ന വിക്കറ്റുകൾ കൂടി പെട്ടെന്ന് വീഴ്ത്താൻ സാധിക്കുകയും രണ്ടാം ഇന്നിങ്സിൽ ബാറ്റർമാർക്കു പിടിച്ചുനിൽക്കാനുമായാൽ ഇന്ത്യയ്ക്ക് ഒരുപക്ഷേ സമനില പ്രതീക്ഷിക്കാം. ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്ററായ ലബൂഷെയ്നെ ഉൾപ്പെടെ പുറത്താക്കുകയാണ് ഇന്ത്യൻ ബോളർമാർക്കു മുന്നിലുള്ള വെല്ലുവിളി. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റും മുഹമ്മദ് സിറാജ്. ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 296 റൺസിനു പുറത്തായിരുന്നു. ഇതോടെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയ്ക്ക് 173 റൺസ് ലീഡു നേടി. മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ അജിൻക്യ രഹാനെ (129 പന്തിൽ 89), ഷാർദൂൽ ഠാക്കൂർ (109 പന്തിൽ 51) എന്നിവർ ചേർന്നു നടത്തിയ ചെറുത്തുനിൽപ്പാണ് ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യയെ സഹായിച്ചത്. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 109 റൺസ് കൂട്ടിച്ചേർത്തു.

ഉച്ചഭക്ഷണത്തിനു തൊട്ടുപിന്നാലെ രഹാനെ പുറത്തായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. അർധസെഞ്ചറി തികച്ചതിനു പിന്നാലെ ഷാർദൂർ ഠാക്കൂറും പുറത്തായതോടെ ഏറെക്കുറെ ഇന്ത്യൻ ഇന്നിങ്സിന് അവസാനമായി. ഉമേഷ് യാദവ് (11 പന്തിൽ 5), മുഹമ്മദ് ഷമി (11 പന്തിൽ 13) എന്നിവർക്ക് ഏറെനേരം പിടിച്ചുനിൽക്കാനായില്ല. മുഹമ്മദ് സിറാജ് (0*) പുറത്താകാതെ നിന്നു.

ഓസീസിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്നു വിക്കറ്റും മിച്ചൽ സ്റ്റാർക്ക്, സ്കോട്ട് ബോളണ്ട്, കാമറൂൺ ഗ്രീൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും സ്പിന്നർ നേഥൻ ലയൺ ഒരു വിക്കറ്റും വീഴ്ത്തി. ടെസ്റ്റിൽ 5000 റൺസ് എന്ന നേട്ടം അജിൻക്യ രഹാനെ ഓസ്ട്രേലിയയ്‌ക്കെതിരെ സ്വന്തമാക്കി.

മൂന്നാം ദിനം കളി തുടങ്ങിയതിനു പിന്നാലെ ഇന്ത്യയ്ക്ക് ആറാം വിക്കറ്റ് നഷ്ടമായിരുന്നു. അഞ്ച് റൺസെടുത്ത് വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ്. ഭരത്താണു പുറത്തായത്. സ്കോട്ട് ബോളണ്ടിന്റെ പന്തു നേരിടാനാകാതെ ഇന്ത്യൻ താരം ബോൾ‍ഡാകുകയായിരുന്നു. രണ്ടാം ദിനം കളി അവസാനിപ്പിച്ചപ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 151 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ.

രണ്ടാം ദിനം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ (15) ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസ് വിക്കറ്റിനു മുൻപിൽ കുടുക്കിയപ്പോൾ ശുഭ്മൻ ഗില്ലും (13) ചേതേശ്വർ പൂജാരയും (14) ക്ലീൻ ബോൾഡ് ആയത് ലൈൻ മനസ്സിലാക്കാതെ പന്ത് ലീവ് ചെയ്യാൻ ശ്രമിച്ചാണ്. ഗില്ലിനെ സ്കോട്ട് ബോളണ്ടും പൂജാരയെ കാമറൂൺ ഗ്രീനും പുറത്താക്കിയപ്പോൾ, മിച്ചൽ സ്റ്റാർക്കിന്റെ അപ്രതീക്ഷിത ബൗൺസറിൽ വിരാട് കോലിയും (14) ഔട്ടായി. അതോടെ ഇന്ത്യൻ പ്രതീക്ഷകൾ ഏറക്കുറെ അസ്തമിച്ചു. നേഥൻ ലയണിനു വിക്കറ്റ് നൽകിയ രവീന്ദ്ര ‍ജ‍ഡേജയും (48) പിന്നാലെ പവലിയനിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 469 റണ്‍സാണ് ആദ്യ ഇന്നിങ്സിൽ നേടിയത്.

Top