ടെസ്റ്റ് ചാംപ്യൻഷിപ് അഞ്ചാം ദിനം; ഓസീസിന് ജയം 7 വിക്കറ്റ് അകലെ, ഇന്ത്യക്ക് ഇനി 280 റണ്‍സ് വേണം

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ 444 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ പ്രതിരോധത്തില്‍. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ പിരിയുമ്പോള്‍ മൂന്നിന് 164 എന്ന നിലയിലാണ് ഇന്ത്യ. ഇപ്പോഴും 280 റണ്‍സ് പിറകിലാണ് ടീം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ പവലിയനിലേക്ക് മടങ്ങി. അജിന്‍ക്യ രഹാനെ (20), വിരാട് കോലി (44) എന്നിവരാണ് ക്രീസില്‍. രണ്ടാം ഇന്നിംഗില്‍ ഓസ്ട്രേലിയ എട്ടിന് 270 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഒന്നാം ഇന്നിംഗ്‌സില്‍ 173 റണ്‍സ് ലീഡാണ് ഓസീസിനുണ്ടായിരുന്നത്. പുറത്താവാതെ 66 റണ്‍സെടുത്ത അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക് (41), മര്‍നസ് ലബുഷെയ്ന്‍ (41) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 469നെതിരെ ഇന്ത്യ 296 റണ്‍സിന് പുറത്തായിരുന്നു. അജിന്‍ക്യ രഹാനെ (89), ഷാര്‍ദുല്‍ ഠാക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരാണ് ബാറ്റിംഗില്‍ ഇന്ത്യയെ സഹായിച്ചത്. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ട്രാവിസ് ഹെഡ് (163), സറ്റീവന്‍ സ്മിത്ത് (121) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.

ജയമോ സമനിലയോ, രണ്ടായാലും ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം ഏറക്കുറെ ഉറപ്പിച്ചാണ് നാലാം ദിനം ഓസ്ട്രേലിയ അവസാനിപ്പിച്ചത്. ഓസ്ട്രേലിയയുടെ ലീഡ് 350 റൺസിൽ താഴെ നി‍ർത്താൻ സാധിച്ചിരുന്നെങ്കിൽ മത്സരത്തിൽ ഇന്ത്യയ്ക്ക് ആധിപത്യം ലഭിച്ചേനെ.

നാലാം ദിനം പിച്ചിലുണ്ടായ അപ്രതീക്ഷിത ബൗൺസ്, അഞ്ചാം ദിനവും ആവർത്തിച്ചാൽ ഇന്ത്യയുടെ കാര്യം കൂടുതൽ പ്രയാസത്തിലാകും. നാലാം ദിവസം പിച്ചിലെ റഫ് പാച്ചസ് നന്നായി ഉപയോഗപ്പെടുത്താൻ രവീന്ദ്ര ജഡേജയ്ക്ക് സാധിച്ചു.

അലക്സ് ക്യാരി– മിച്ചൽ സ്റ്റാർക്ക് കൂട്ടുകെട്ടാണ് മത്സരം ഇന്ത്യയിൽ നിന്ന് തട്ടിയെടുത്തത്. ക്രിക്കറ്റ് ഒന്നും അസാധ്യമല്ല. എങ്കിലും ടെസ്റ്റ് ചാംപ്യൻഷിപ് കിരീടം സ്വന്തമാക്കണമെങ്കിൽ അഞ്ചാം ദിനം ഭാഗ്യവും പിച്ചും ഇന്ത്യയ്ക്ക് ഒപ്പം നിൽക്കണം.

Top