ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍; ഇന്ത്യന്‍ സംഘം ജൂൺ മൂന്നിന് ഇംഗ്ലണ്ടിലേക്ക്

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ സംഘം ജൂണ്‍ മൂന്നിന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. ബുധനാഴ്ച മുംബൈയില്‍ ബയോസെക്യുര്‍ ബബിളില്‍ പ്രവേശിക്കണമെന്നാണ് ബിസിസിഐ താരങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.

താരങ്ങളെ രണ്ട് തവണ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. കൊവിഡ് ബാധിതരായ പ്രസിദ് കൃഷ്ണയും വൃദ്ധിമാന്‍ സാഹയും ഇതുവരെ രോഗമുക്തരായിട്ടില്ല. താരങ്ങളും ഇംഗ്ലണ്ടിലേക്ക് ഒപ്പം വരുന്ന കുടുംബാംഗങ്ങളുമാണ് മുംബൈയില്‍ ബയോസെക്യുര്‍ ബബിളില്‍ പ്രവേശിക്കേണ്ടത്.

കൊവിഡ് പരിശോധന നടത്തിയാവും ക്യാമ്പ് തുടങ്ങുക. ഇന്ത്യയില്‍ മാത്രമല്ല, ഇംഗ്ലണ്ടിലെത്തിയാലും 10 ദിനം ഇതേപോലെ ക്വാറന്റീനിലായിരിക്കും ഇന്ത്യന്‍ സംഘം. ഐപിഎല്‍ പാതിവഴിയില്‍ നിര്‍ത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ കൊവിഡ് ബാധിതനായത്. ഇടയ്ക്ക് നടത്തിയ പരിശോധനയില്‍ നെഗറ്റീവായെങ്കിലും രണ്ടാമത്തെ പരിശോധനയില്‍ വീണ്ടും പോസിറ്റീവായി.

എന്നാല്‍ താന്‍ ആരോഗ്യവാനാണെന്ന് സാഹ പറയുന്നു. റിഷഭ് പന്ത് ടീമിലുള്ളതിനാല്‍ രണ്ടാം കീപ്പര്‍ സ്ഥാനത്തേക്കാണ് സാഹയെ പരിഗണിക്കുന്നത്. ഐപിഎല്‍ നിര്‍ത്തിവച്ചതിന് പിന്നാലെ ബെംഗളൂരുവില്‍ തിരിച്ചെത്തിയപ്പോഴാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പ്രസിദ് കൃഷ്ണയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ബുധനാഴ്ചയ്ക്കുള്ളില്‍ രണ്ട് ഫലം തുടര്‍ച്ചയായി നെഗറ്റീവായാലേ ഇരുവര്‍ക്കും പ്രവേശനമുണ്ടാകൂ.

 

 

Top