ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഓസീസിനെ ഇന്ത്യ ഓള്‍ ഔട്ടാക്കി

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 469ന് പുറത്ത്. രണ്ടാം ദിനം 327-3 എന്ന സ്കോറില്‍ ബാറ്റിംഗ് തുടങ്ങിയ ഓസീസ് രണ്ടാം സെഷനില്‍ 469ന് ഓള്‍ ഔട്ടായി. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 406 റണ്‍സെന്ന നിലയില്‍ പ്രതിരോധിച്ചു നിന്ന ഓസീസിനെ അലക്സ് ക്യാരിയും പാറ്റ് കമിന്‍സും ചേര്‍ന്ന് 450 കടത്തിയെങ്കിലും ക്യാരിയെ ജഡേജയും കമിന്‍സിനെയും ലിയോണിനെയും സിറാജും വീഴ്ത്തിയതോടെയാണ് ഓസീസ് പോരാട്ടം അവസാനിച്ചത്. ആദ്യ ദിനം സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ്, രണ്ടാം ദിനം സെഞ്ചുറിയിലെത്തിയ സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ഓസീസിന് നഷ്ടമായിരുന്നു. ഇന്ത്യക്കായി സിറാജ് നാലു വിക്കറ്റെടുത്തപ്പോള്‍ ഷാര്‍ദ്ദുലും ഷമിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏകദിന ശൈലിയില്‍ ബാറ്റ് വീശി വെടിക്കെട്ട് സെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന ട്രാവിസ് ഹെഡിനെ രണ്ടാം ദിനം ആദ്യം മടക്കിയ സിറാജ് തന്നെയാണ് ഓസീസിന്‍റെ വാലും അരിഞ്ഞത്. ഷോര്‍ട്ട് ബോളുകളുമായി തുടര്‍ച്ചയായി ഹെഡിനെ പരീക്ഷിച്ച സിറാജ് ഒടുവില്‍ ഒരു ഷോര്‍ട്ട് ബോളില്‍ ഹെഡിനെ വിക്കറ്റിന് പിന്നില്‍ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിച്ചു. 174 പന്തില്‍ 163 റണ്‍സെടുത്ത് ഹെഡ് മടങ്ങിയതോടെ ഇന്ത്യക്ക് പ്രതീക്ഷയായി.

പിന്നാലെ ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനിനെ(6) ഷമി സ്ലിപ്പില്‍ ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. പാറ പോലെ ഉറച്ച പ്രതിരോധവുമായി സെഞ്ചുറി പിന്നിട്ട് ക്രീസില്‍ നിന്ന സ്റ്റീവ് സ്മിത്തിനെ ഷാര്‍ദ്ദുല്‍ താക്കൂര്‍ ബൗള്‍ഡാക്കിയതോടെ 361-3ല്‍ നിന്ന് 387-6ലേക്ക് കൂപ്പുകുത്തി. 268 പന്തില്‍ 121 റണ്‍സുമായാണ് സ്മിത്ത് മടങ്ങിയത്. 19 ബൗണ്ടറികള്‍ അടങ്ങുന്നതാണ് സ്മിത്തിന്‍റെ ഇന്നിംഗ്സ്.

ഓസീസ് സ്കോര്‍ 400 കടന്നതിന് പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനെ(5) പകരക്കാരനായി എത്തിയ അക്സര്‍ പട്ടേല്‍ റണ്ണൗട്ടാക്കിയെങ്കിലും കമിന്‍സും ക്യാരിയും പിടിച്ചു നിന്നതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങി. ഒടുവില്‍ ജഡേജയുടെ പന്തില്‍ ക്യാരി വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെയാണ് ഇന്ത്യക്ക് ആശ്വാസമായത്. 69 പന്തില്‍ 48 റണ്‍സെടുത്താണ് ക്യാരി പുറത്തായത്. ലിയോണിനെ കൂട്ടുപിടിച്ച് കമിന്‍സ് പിടിച്ചു നിന്നെങ്കിലും ലിയോണിനെയും കമിന്‍സിനെയും വീഴ്ത്തിയ സിറാജ് തന്നെ ഓസീസ് ഇന്നിംഗ്സിന് തിരിശീലയിട്ടു.

Top