ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഓപ്പണിംഗില്‍ ഗില്ലിന് പകരക്കാരനെ നിര്‍ദേശിച്ച് ദീപ് ദാസ്ഗുപ്ത

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ പരാജയപ്പെട്ട ടീം ഇന്ത്യക്ക് അടുത്ത അഗ്‌നിപരീക്ഷ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയാണ്. കിവികള്‍ക്കെതിരായ തോല്‍വിക്ക് പിന്നാലെ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റത് തലവേദന കൂട്ടുന്നു. എന്നാല്‍ ഗില്ലിന്റെ പകരക്കാരനായി സ്‌ക്വാഡില്‍ തന്നെയുള്ള രണ്ട് താരങ്ങളെ ഉപയോഗിക്കണം എന്ന് പറയുകയാണ് ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ദീപ് ദാസ്ഗുപ്ത.

രോഹിത് ശര്‍മ്മക്കൊപ്പം മായങ്ക് അഗര്‍വാളോ കെ എല്‍ രാഹുലോ ഓപ്പണറായി വരണം എന്നാണ് മുന്‍താരം പറയുന്നത്. എന്നാല്‍ ഓപ്പണിംഗ് സ്ഥാനത്തേക്ക് കൂടുതല്‍ പരിഗണന മായങ്കിനാണ് ദീപ് ദാസ്ഗുപ്ത നല്‍കുന്നത്. ‘മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍- രണ്ട് ഓപ്ഷനുകള്‍ മുന്നിലുണ്ട്. ഇവരില്‍ എന്റെ വോട്ട് മായങ്ക് അഗര്‍വാളിനാണ്. രണ്ടുമൂന്ന് മോശം പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും മൊത്തത്തില്‍ ഇന്ത്യയിലും വിദേശത്തും അദേഹത്തിന്റെ ടെസ്റ്റിലെ പ്രകടനം വളരെ മികച്ചതാണ്. കര്‍ണാടകയ്ക്കും ഇന്ത്യക്കായും വൈറ്റ് ബോളിലും റെഡ് ബോളിലും ഓപ്പണ്‍ ചെയ്തിട്ടുള്ള താരമാണ് രാഹുല്‍.

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രാഹുല്‍ ശൈലി മാറ്റിയിട്ടുണ്ട്. കൂടുതല്‍ ആക്രമിച്ച് കളിക്കാന്‍ ശ്രമിക്കുന്നു. അദേഹത്തിന്റെ സാങ്കേതിക പുരോഗമിച്ചിട്ടുണ്ടെങ്കിലും പ്രതിരോധത്തില്‍ അത്ര ശ്രദ്ധ കൊടുത്തിട്ടില്ല. അതുകൊണ്ടാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ രാഹുലിനെ ഒരു മധ്യനിര ബാറ്റ്‌സ്മാനായി ഞാന്‍ പരിഗണിക്കുന്നത്’ എന്നും ദീപ് ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി വിശ്രമത്തിലാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍. ഈ മാസം 14 മുതലാണ് ഇന്ത്യയുടെ പരിശീലന ക്യാംപ് ഡര്‍ഹാമില്‍ തുടങ്ങുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ്. ഓഗസ്റ്റ് നാല് മുതല്‍ നോട്ടിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുക.

 

Top