Tessa Joseph coming back to Mollywood as different characters

പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വെള്ളിത്തിരയില്‍ സജീവമാകാനൊരുങ്ങി ടെസ. മമ്മൂട്ടിയുടെ പട്ടാളം എന്ന ചിത്രത്തിലാണ് ടെസ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. പിന്നീട് രാജമ്മ @ യാഹൂ എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെയാണ് തിരിച്ചെത്തിയത്. ഉടന്‍ തന്നെ നവാഗതനായ പ്രമോദ് ജി ഗോപാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടെസയെ കാണാം.

ഗോള്‍ഡ് കോയിന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്ടു കുട്ടികളുടെ അമ്മയായാണ് ടെസ അഭിനയിക്കുന്നത്. എട്ടും പത്തും വയസുള്ള അച്ചുവിന്റെയും കിച്ചുവിന്റെയും അമ്മ. അവരില്‍ കൂടിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

”കുട്ടികളുടെ അമ്മയായ സുജാത എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ കൊച്ചു കാര്യങ്ങള്‍ക്കു പോലും വലിയ വിലകല്‍പ്പിക്കുന്ന സ്വഭാവമാണ് അവര്‍ക്ക്. കുട്ടികള്‍ക്കു കിട്ടുന്ന ഒരു സമ്മാനത്തിനെ ചുറ്റിയാണ് കഥ നടക്കുന്നത്. സമ്മാനം തങ്ങള്‍ക്കുള്ളതല്ലെന്ന് തിരിച്ചറിയുന്ന കുട്ടികള്‍ അതിന്റെ യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താന്‍ ഒരു യാത്ര നടത്തുന്നു. തുടര്‍ന്ന് അവര്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളാണ് ബാക്കി കഥ. ചിത്രത്തിന്റെ കഥയാണ് ഇതില്‍ അഭിനയിക്കണമെന്ന് തീരുമാനിക്കാന്‍ കാരണം.” ടെസ പറയുന്നു.

ഗോള്‍ഡ് കോയിന്‍ കൂടാതെ വി.എം വിനു സംവിധാനം ചെയ്യുന്ന മറുപടി എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ടെസ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ റഹ്മാനും ഭാമയുമാണ് മറ്റു അഭിനേതാക്കള്‍.

Top