അവതരിപ്പിച്ചതേയുള്ളു, ഒറ്റ ഏറില്‍ പൊട്ടിയത് ടെസ്ലയുടെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്

ടെസ്ല ആദ്യത്തെ ഇലക്ട്രിക്ക് പിക്കപ്പ് ട്രക്ക് കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വിചിത്രമായ രൂപകല്‍പനയില്‍ അവതരിപ്പിച്ച സൈബര്‍ ട്രക്ക് രൂപം കൊണ്ട് തന്നെ ആളുകളെ അമ്പരപ്പിക്കുന്നതാണ്. ലോസ് ആഞ്ചല്‍സില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ആദ്യ പിക്കപ്പ് ട്രക്ക് ടെസ്ല സിഇഒ ഇലോണ്‍ മസ്‌കാണ് അവതരിപ്പിച്ചത്.

ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എന്ന് അവകാശവാദവുമായി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് വേദിയില്‍ പ്രദര്‍ശിപ്പിച്ച സൈബര് ട്രക്കിന്റെ വിന്‍ഡോ ഗ്ലാസാണ് ഇപ്പോള്‍ ഒറ്റ ഏറില്‍ പൊട്ടിച്ചിതറിയിരിക്കുന്നത്. അതും നിറഞ്ഞ സദസ്സിന് മുന്നില്‍ വെച്ച്. ഇതിന്റെ ലോഹ നിര്‍മിത ബോഡി യാത്രക്കാര്‍ക്ക് സമ്പൂര്‍ണ സമ്പൂര്‍ണ സംരക്ഷണം നല്‍കുമെന്നാണ് കമ്പനി പറയുന്നത്. സൈബര്‍ ട്രക്കിന്റെ ഡോറില്‍ ചുറ്റിക കൊണ്ട് അടിച്ചുള്ള പ്രദര്‍ശനം വിജയകരമായിരുന്നു. ചുറ്റിക കൊണ്ടടടിയേറ്റിട്ടും നേരിയ അടയാളം പോലും ഡോറില്‍ ഉണ്ടായിരുന്നില്ല.

അതിനുശേഷമാണ് ആര്‍മര്‍ ഗ്ലാസ് എന്ന വിളിപ്പേരിലുള്ള സൈബര്‍ ട്രക്കിന്റെ വിന്‍ഡോ ഗ്ലാസിന്റെ ബല പരീക്ഷണം അരങ്ങേറിയത്. പോളിമര്‍ പാളിയോടുകൂടിയ അള്‍ട്രാ സ്ട്രോങ് ഗ്ലാസിന് കനത്ത ആഘാതത്തെ താങ്ങാന്‍ കഴിവുണ്ടെന്നായിരുന്നു കമ്പനിയുടെ അവകാശവാദം.

കാറില്‍ ഘടിപ്പിച്ച വിന്ഡോ ഗ്ലാസില്‍ ഒരു ലോഹ പന്ത് എറിയുക. അതിനായി കമ്പനിയുടെ ചീഫ് ഡിസൈനറായ ഫ്രാന്‍സ് വോണ്‍ ഹോള്‍ഷൗസനെ തന്നെ ഇലോണ്‍ ക്ഷണിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ഒറ്റ ഏറില്‍ തന്നെ കാറിന്റെ മുന്നിലുള്ള വിന്‍ഡോയുടെ ഗ്ലാസ് തകര്‍ന്നു. ‘ബോള്‍ ഗ്ലാസ് തകര്‍ത്ത് അപ്പുറം പോയില്ലല്ലോ, അത് ഒരു നല്ലവശമാണ്.!’ എന്നായിരുന്നു ഇതിനെപ്പറ്റി ഇലോണ്‍ മസ്‌ക് പറഞ്ഞത്.

Top