ടെസ്‌ല മോഡല്‍ 3 ഇന്ത്യയിലേക്ക് വരുന്നു

മേരിക്കന്‍ ഇലകട്രിക്ക് വാഹന ഭീമനായ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ടെസ്ല മോട്ടോഴ്സ് ഇന്ത്യ എനര്‍ജി എന്ന സ്ഥാപനം ബെംഗളൂരുവില്‍ ആരംഭിച്ചു കഴിഞ്ഞു. കമ്പനിയുടെ മോഡല്‍ ത്രീ കാറുകള്‍ ഉടന്‍ ഇന്ത്യയില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ജൂലൈയിലോ ഓഗസ്റ്റിലോ പരീക്ഷണ ഓട്ടങ്ങള്‍ക്കായുള്ള മോഡല്‍ ത്രീ സെഡാനുകള്‍ ഇന്ത്യയിലെത്തുമെന്നാണ് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരീക്ഷണ ഓട്ടത്തിനും ഓട്ടമോട്ടീവ് റിസര്‍ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ(എ ആര്‍ എ ഐ)യില്‍ നിന്നുള്ള അനുമതികള്‍ക്കുമായി ആദ്യ ബാച്ചിലെ മൂന്നു കാറുകള്‍ മുംബൈയില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതുകൊണ്ടുതന്നെ വര്‍ഷാവസാനത്തോടെ തന്നെ ടെസ്ല ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കാര്‍ വില്‍പന തുടങ്ങുമെന്നാണ് വിവരം. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കും. 60 കിലോവാട്ട് ഹൈ പവര്‍ ലിഥിയം അയേണ്‍ ബാറ്ററിയാണ് വിദേശ നിരത്തുകളില്‍ ഓടുന്ന മോഡല്‍ 3-യില്‍ പ്രവര്‍ത്തിക്കുന്നത്.

വന്‍നഗരങ്ങളില്‍ മാത്രമാവും ആദ്യ ഘട്ടത്തില്‍ ടെസ്ലയുടെ കാറുകള്‍ വില്‍പനയ്‌ക്കെത്തുക. മുംബൈ, ബെംഗളൂരു, ദില്ലി നഗരങ്ങളില്‍ സ്വന്തമായി ഷോറൂം ആരംഭിക്കാനാണു ടെസ്ലയുടെ പദ്ധതി. വര്‍ക്ഷോപ്പുകള്‍ ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാവും പ്രവര്‍ത്തിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ നിലവില്‍ വൈദ്യുത വാഹനങ്ങളിലും ബാറ്ററി നിര്‍മാണത്തിലുമൊക്കെ സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ചും നിബന്ധനകളെക്കുറിച്ചുമുള്ള വ്യക്തതയ്ക്കായി കാത്തിരിക്കുകയാണു ടെസ്ല.

കമ്പനിയുടെ വില്‍പന, വില്‍പനാന്തര സേവന വിഭാഗങ്ങളുടെ പ്രവര്‍ത്തനം മുംബൈ കേന്ദ്രീകരിച്ചാവും. സമീര്‍ ജെയ്‌നാവും ടെസ്ലയുടെ ആഫ്റ്റര്‍ സെയില്‍സ് വിഭാഗത്തിനു നേതൃത്വം നല്‍കുക. ജര്‍മന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയ്‌ക്കൊപ്പം ഏഴു വര്‍ഷം വില്‍പ്പനാന്തര സേവന, വിപണന ശൃംഖല വിപുലീകരണ മേഖലകളില്‍ പ്രവര്‍ത്തിച്ച പരിചയമുള്ള വ്യക്തിയാണ് അദ്ദേഹം.

ഈ മാസമാണു ജെയിന്‍ ടെസ്ലയ്‌ക്കൊപ്പം ചേര്‍ന്നത്. ആതര്‍ എനര്‍ജി എക്‌സിക്യൂട്ടീവായിരുന്ന നിശാന്ത് ആയിരിക്കും ചാര്‍ജിങ് മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനു നേതൃത്വം നല്‍കുക.

കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ജീവനക്കാരെ നിയമിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പോളിസി ആന്‍ഡ് ബിസിനസ് ഡെവലപ്മെന്റ് മേധാവിയായി മനൂജ് ഖുറാനയെ ടെസ്ല നിയമിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മനൂജ് ഖുറാനയെ കൂടാതെ, ചാര്‍ജിംഗ് മാനേജരായി നിശാന്ത് പ്രസാദിനെ നിയമിച്ചു. ടെസ്ലയുടെ സൂപ്പര്‍ചാര്‍ജിംഗ്, ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ്, ഹോം ചാര്‍ജിംഗ് ബിസിനസ് നയിക്കുന്നത് പ്രസാദ് ആയിരിക്കും. എച്ച്ആര്‍ ലീഡറായി ചിത്ര തോമസിനെ നിയമിച്ചു.

ലോക്കല്‍ ടീം രൂപീകരിച്ച് ഇന്ത്യാ പ്രവര്‍ത്തനങ്ങളുമായി അതിവേഗം മുന്നോട്ടു പോകുകയാണ് ടെസ്ല. ഇന്ത്യയില്‍ ആദ്യ കാര്‍ ഡെലിവറി ചെയ്യുമ്പോള്‍ സാക്ഷാല്‍ ഇലോണ്‍ മസ്‌ക് തന്നെ സന്നിഹിതനായിരിക്കുമെന്നാണ് ടെസ്ല ക്ലബ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. വിപണി മൂലധനം അനുസരിച്ച് ലോകത്തെ ഏറ്റവും മൂല്യമേറിയ വാഹന നിര്‍മാതാക്കളാണ് ടെസ്ല.

കര്‍ണാടകയില്‍ ആയിരിക്കും ടെസ്ല തങ്ങളുടെ ഫാക്റ്ററി സ്ഥാപിക്കുന്നത്. ബെംഗളൂരുവില്‍ ഇന്ത്യാ കമ്പനി ഇതിനകം രജിസ്റ്റര്‍ ചെയ്തിരുന്നു. മൂന്ന് ഇന്ത്യന്‍ നഗരങ്ങളില്‍ ഷോറൂമുകള്‍ തുറക്കുന്നതിനായി ടെസ്‌ല പരിശോധനകള്‍ തുടങ്ങിയതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജനുവരിയില്‍ ടെസ്‌ല ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ ഒരു പ്രാദേശിക യൂണിറ്റ് രജിസ്റ്റര്‍ ചെയ്തു, ഈ കമ്പനിയിലൂടെ മോഡല്‍ 3 സെഡാന്‍ ഇറക്കുമതി ചെയ്ത് വില്‍ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

2021 പകുതിയോടെ, വിപണിയിലെ സമ്പന്നരായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സജീവമാകാനാണ് കമ്പനിയുടെ ആലോചനകളെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. തലസ്ഥാനമായ ദില്ലി, മുംബൈ, ടെക് സിറ്റിയായ ബെംഗളൂരു എന്നിവിടങ്ങളില്‍ 20,000-30,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള അനുയോജ്യമായ കൊമേഴ്ഷ്യല്‍ സ്‌പേസുകള്‍ കണ്ടെത്താനുളള ശ്രമത്തിലാണ് ടെസ്‌ല.

ഗ്ലോബല്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സിബിആര്‍ഇ ഗ്രൂപ്പ് ടെസ്‌ലയുടെ ഷോറൂം തിരയലുകള്‍ക്കായി നിയമിക്കപ്പെട്ടിരുന്നു. ആഴ്ചകളായി ഇവര്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. സമ്പന്നരായ ഉപഭോക്താക്കളെ കമ്പനിയിലേക്ക് എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ കഴിയുന്ന ഇടങ്ങളാണ് കമ്പനി അന്വേഷിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Top