പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ പ്രവേശിക്കാനൊരുങ്ങി ടെസ്ല

ന്ത്യന്‍ വാഹന വിപണിയിലേക്ക് ടെസ്ല എത്തുന്നുവെന്നത് വര്‍ഷങ്ങളായി കേള്‍ക്കുന്ന ഒന്നാണ്. എന്നാല്‍, ഇറക്കുമതി തീരുവ, ചൈനയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ വില്‍ക്കാനുള്ള അനുമതി തുടങ്ങി നിരവധിയായ പ്രശ്നങ്ങളുടെ പേരില്‍ ഈ വരവ് നീണ്ടുപോകുകയായിരുന്നു. ഇതിന് ശാശ്വതമായ പരിഹാരം കാണുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടായതായാണ് സൂചന. ടെസ്ലയ്ക്ക് ഇന്ത്യയില്‍ ആവശ്യമായ അനുമതി ഉറപ്പാക്കുന്നതിനായി കമ്പനി അധികൃതരുമായി ചര്‍ച്ചനടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

2021-ലാണ് ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് ടെസ്ല പ്രധാന ഉപാധി മുന്നോട്ട് വെച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഈടാക്കുന്ന ഇറക്കുമതി തീരുവ കുറയ്ക്കണമെന്നായിരുന്നു ടെസ്ല പ്രധാനമായി ഉന്നയിച്ച് ആവശ്യം. എന്നാല്‍, ഇത് കേന്ദ്ര സര്‍ക്കാര്‍ തള്ളുകയായിരുന്നു. എന്നാല്‍, 2023 ഓഗസ്റ്റില്‍ പ്രദേശികമായി പ്ലാന്റ് സ്ഥാപിക്കുകയാണെങ്കില്‍ ഇറക്കുമതി തീരുവയില്‍ ഇളവ് നല്‍കാമെന്ന് സര്‍ക്കാര്‍ ടെസ്ലയെ അറിയിക്കുകയായിരുന്നു. ഇതുവഴി ടെസ്ലയുടെ എല്ലാ മോഡലുകളും ഇന്ത്യയില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ടെസ്ലയുടെ വരവിനായി ഇന്ത്യയുടെ വാഹന വിപണി കാത്തിരിക്കുകയാണെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചത്. എന്നാല്‍, ചൈനയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമിക്കേണ്ടതില്ലെന്നാണ് അദ്ദേഹം നിര്‍മാതാക്കളോട് ആവശ്യപ്പെട്ടത്. ഇന്ത്യയില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുകയാണെങ്കില്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും നിതിന്‍ ഗഡ്കരി ടെസ്ലയ്ക്ക ഉറപ്പുനല്‍കുകയായിന്നു.

ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഇണങ്ങുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുമെന്ന നിലപാട് ടെസ്ല സ്വീകരിച്ചുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയില്‍ ടെസ്ലയുടെ വാഹന നിര്‍മാണ പ്ലാന്റ് ഒരുക്കുന്നതിനായി കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയലുമായി ടെസ്ലയുടെ പ്രതിനിധികള്‍ ചര്‍ച്ചയും നടത്തിയിരുന്നു. പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റായിരിക്കും ടെസ്ല നിര്‍മിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്.പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് 2024 ജനുവരിയോടെ ടെസ്ലയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികള്‍ ലഭ്യമാകുമെന്നാണ് ഉറപ്പ് നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ ടെസ്ലയുടെ വാഹനങ്ങള്‍ നിര്‍മിക്കുന്നത് സംബന്ധിച്ചാണ് ടെസ്ല പ്രതിനിധികള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. ടെസ്ല ഇന്ത്യയില്‍ നടത്താനിരിക്കുന്ന നിക്ഷേപങ്ങളും ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതും ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളായിരുന്നെന്നാണ് വിവരം.

 

Top